പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവ്; സംസ്ഥാനത്ത് പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം

പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവ്; സംസ്ഥാനത്ത് പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം

  • രണ്ടാമത്തേത് പെണ്‍കുട്ടിയെങ്കില്‍ 6,000 രൂപ പദ്ധതി

തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്കിലുണ്ടായ ഇടിവുമൂലം കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം. രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ നല്‍കുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി.

രാജ്യത്തെ പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഉണ്ടായ ഇടിവ് പരിഹരിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഇത് നടപ്പാക്കാനാണ് കേരളത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. 11 സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്. കേരളത്തില്‍ 2015-16 വര്‍ഷത്തെ സര്‍വേയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 1047 പെണ്‍കുട്ടികള്‍ എന്നായിരുന്നു. പുതിയ സര്‍വേ പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 951 പെണ്‍കുട്ടികള്‍ എന്നാണ് കണക്ക്. ഇന്ത്യയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കുട്ടികളെന്നാണ് 2019-21ല്‍ നടത്തിയ കുടുംബാരോഗ്യ സര്‍വേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്. ഇതില്‍ കാര്യമായ മാറ്റങ്ങള്‍ വരാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമായത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍,സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ എന്നിവര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. ആനുകൂല്യം ആവശ്യമുള്ളവര്‍ക്ക് അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://pmmvy.nic.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് അങ്കണവാടിയിലും രജിസ്റ്റര്‍ ചെയ്യുക. അതിനാല്‍ പോര്‍ട്ടല്‍ തയ്യാറായതിനുശേഷമായിരിക്കും അങ്കണവാടി വഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുകയെന്നാണ് സൂചന.

പദ്ധതി പ്രകാരം 2022 ഏപ്രില്‍ മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ജനിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ധന സഹായത്തിനായി 2023 ജൂണ്‍ 30വരെ അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ 2023 ജൂലൈ മുതല്‍ ധനസഹായം ലഭ്യമാക്കണമെങ്കില്‍ രണ്ടാമത്തെ പ്രസവത്തിലെ പെണ്‍കുഞ്ഞിന് ഒമ്പത് മാസം തികയുന്നതിന് മുമ്പ് അങ്കണവാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അതല്ലെങ്കില്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായുള്ള പോര്‍ട്ടല്‍ ഉടന്‍ സജ്ജമാകും. ആവശ്യമുള്ളവര്‍ താമസസ്ഥലത്തിനടത്തുള്ള അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യ പ്രസവത്തില്‍ ആണ്‍-പെണ്‍കുട്ടിയാണെങ്കിലും 5000 രൂപ ധനസഹായം നല്‍കിവരുന്നുണ്ട്. പിന്നാലെയാണ് രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിയായാല്‍ 6000 രൂപ എന്ന പദ്ധതി നിലവില്‍ വന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *