ന്യൂഡല്‍ഹി: പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യയിലേക്ക് തിരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്.
സൗഹൃദ രാജ്യങ്ങളുമായി ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗോവയിലേക്ക് തിരിക്കും മുന്‍പ് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പ്രതികരിച്ചു. സംഘടന യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടായിരത്തി പതിനാറിന് ശേഷം പാക് വിദേശകാര്യമന്ത്രിമാര്‍ ആരും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല.
റഷ്യന്‍, ചൈനീസ് വിദേശകാര്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. യുക്രൈന്‍ യുദ്ധം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളുണ്ടെങ്കിലും പ്രത്യേകം ചര്‍ച്ചകള്‍ നടക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ജുലൈയില്‍ ദില്ലിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണം ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്നും നാളെയുമായി സംഘടന യോഗം ഗോവയില്‍ നടക്കുന്നത്.