പത്രസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നു- യു. എന്‍

പത്രസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നു- യു. എന്‍

ന്യൂയോര്‍ക്ക്: ലോകത്തിന്റെ എല്ലാ മൂലയിലും പത്രസ്വാതന്ത്ര്യം ആക്രമണം നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും വിവിധ മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളും മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുകയും ജയിലിലടയ്ക്കുകയും കൊല്ലുകയുമാണെന്നും അവര്‍ പറഞ്ഞു. ലോകപത്രസ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി യുനെസ്‌കോ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവരെല്ലാം.

എല്ലാ സ്വാതന്ത്ര്യങ്ങളും പത്രസ്വാതന്ത്ര്യത്തെ ആശ്രയിച്ചുനില്‍ക്കുന്നുവെന്ന് യു. എന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടറെസ് പറഞ്ഞു. “ജനാധിപത്യത്തിന്റെയും നീതിയുടെയും അടിത്തറയാണ് പത്രസ്വാതന്ത്ര്യം. മനുഷ്യാവകാശത്തിന്റെ ജീവരക്തവും. പക്ഷേ, ലോകത്തിന്റെ എല്ലാ മൂലയിലും പത്രസ്വാതന്ത്ര്യം ആക്രമണം നേരിടുന്നു. തെറ്റായ വിവരങ്ങളില്‍ നിന്നും വിദ്വേഷ പ്രചാരണത്തില്‍ നിന്നും വാസ്തവം ഭീഷണി നേരിടുന്നു”. ന്യൂയോര്‍ക്കിലെ യു. എന്‍. ആസ്ഥാനത്തുനടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

‘മാധ്യമപ്രവര്‍ത്തകയായിരിക്കുക എന്നത് കുറ്റകൃത്യമായ രാജ്യത്തുനിന്നാണ് താന്‍ വരുന്നതെന്ന്’ ഇറാനിയന്‍- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മസീഹ് അലി നെജാദ് പറഞ്ഞു.

പ്രവാസജീവിതം നയിക്കുകയാണ് മസീഹ്. കഴിഞ്ഞ വര്‍ഷം ജോലിക്കിടെ 55 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ് അറിയിച്ചു. ഡിജിറ്റല്‍ കാലത്ത് വിവരവിതരണ പരിസരംതന്നെ മാറിക്കൊണ്ടിരികക്കുകയാണെന്നും കൂടുതല്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം എക്കാലത്തെയുംകാള്‍ ആവശ്യമുണ്ടെന്നും യുനെസ്‌കോ മേധാവി ഓഡ്രി അസൗലേ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഇത്തവണത്തെ പത്രസ്വാതന്ത്ര്യ സമ്മാനം ഇറാനില്‍ തടവില്‍ കഴിയുന്ന മൂന്ന് വനിതകള്‍ പങ്കിട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാനിലെ മതകാര്യപോലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമീനിയെന്ന യുവതി മരിച്ച വിവരം ലോകത്തെ ആദ്യം അറിയിച്ച നിലൂഫര്‍ ഹമീദി, മഹ്‌സയുടെ ശവസംസ്‌കാരം റിപ്പോര്‍ട്ട് ചെയ്ത ഇലാഹി മുഹമ്മദി, വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ആക്ടിവിസ്റ്റ് നര്‍ഗീസ് മുഹമ്മദ് എന്നിവര്‍ക്കാണ് ബഹുമതി. 1997 മുതലാണ് ലോകപത്രസ്വാതന്ത്ര്യ ദിനമായ മെയ് 3 ന് യുനെസ്‌കോ ഈ പുരസ്‌കാരം നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *