ഞെളിയംപറമ്പ് കരാറില്‍ നിന്നും സോണ്ട കമ്പനിയെ ഒഴിവാക്കണം;  യു. ഡി. എഫ് കൗണ്‍സില്‍ പാര്‍ട്ടി

ഞെളിയംപറമ്പ് കരാറില്‍ നിന്നും സോണ്ട കമ്പനിയെ ഒഴിവാക്കണം;  യു. ഡി. എഫ് കൗണ്‍സില്‍ പാര്‍ട്ടി

കോഴിക്കോട്:  ഞെളിയംപറമ്പ് ബയോമൈനിങ്, ക്യാപ്പിംഗ് പ്രവൃത്തി ഏല്പിച്ച സോണ്ട ഇന്‍ഫ്രാടെക് കമ്പനിയെ കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് യു. ഡി. എഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഞ്ചുതവണ കരാര്‍ നീട്ടി നല്‍കിയിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സോണ്ട കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തി ഞെളിയംപറമ്പില്‍ നിന്നും പുറത്താക്കണം. പുതിയ കരാറുകാരെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തി ഏല്പിക്കണം. പ്രവര്‍ത്തി 50 ശതമാനം പൂര്‍ത്തീകരിച്ചു എന്ന അവകാശവാദം വസ്തുതയ്ക്ക് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ 3 കോടി 74 ലക്ഷം രൂപ നല്‍കിയത് തിരിച്ചു പിടിക്കണം. കരാറില്‍ വീഴ്ച വരുത്തിയതിന് 38 ലക്ഷം പിഴ ഈടാക്കുകയും വേണം. മാത്രമല്ല, മാലിന്യത്തില്‍ നിന്ന് വൈദ്യുതി എന്ന പ്രധാന പദ്ധതിയുടെ കെ. എസ്. ഐ. ഡി. സിയെയും സോണ്ടയെയും ഒഴിവാക്കണം. ഞെളിയംപറമ്പില്‍ 12. 67 ഏക്കര്‍ ഭൂമി ഇതുമായി ബന്ധപ്പെട്ട് കെ. എസ്. ഐ. ഡി. സി.ക്ക് കൈമാറിയ നടപടി റദ്ദാക്കണമെന്നും യു. ഡി. എഫ് ആവശ്യപ്പെടുന്നു. നിസ്സാരമായ ബയോമൈനിങ്, ക്യാപ്പിംഗ് പ്രവര്‍ത്തി പോലും നടത്താന്‍ കഴിയാത്ത സോണ്ട കമ്പനിക്കും കെ. എസ്. ഐ. ഡി. സി.ക്കും 250 കോടി രൂപയുടെ പ്രധാന കരാര്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നവര്‍ ചോദിച്ചു.

ബയോമൈനിങ് പൂര്‍ത്തീകരിച്ചു എന്നാണ് സോണ്ടയുടെ അവകാശവാദമെങ്കില്‍ ബോധ്യപ്പെടുത്താന്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഞെളിയംപറമ്പ് സന്ദര്‍ശിക്കാന്‍ അവസരം നല്‍കുമോയെന്ന് വെല്ലുവിളിക്കുകയാണ്. ഞെളിയംപറമ്പിലെ പ്രധാന ഗേറ്റ് അടച്ചുപൂട്ടി പ്രവേശനം നിഷേധിക്കുകയും ആളുകളില്‍ നിന്നും വസ്തുതകള്‍ മറക്കുകയും ചെയ്യുന്ന കോര്‍പ്പറേഷന്‍ നടപടി ദുരൂഹമാണ്. സോണ്ട കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് മുന്‍കാല പരിചയമില്ല. 2019 ഡിസംബര്‍ 10 നാണ് മാലിന്യം നീക്കം ചെയ്യാന്‍ സോണ്ട കമ്പനിയുമായി കോര്‍പ്പറേഷന്‍ കരാറില്‍ ഏര്‍പ്പെട്ടത്. മാലിന്യം നീക്കം ചെയ്ത് ലഭിക്കുന്ന മണല്‍ 2. 8 ഏക്കറില്‍ പൂര്‍ണമായും നിരപ്പാക്കണം(ക്യാപ്പിംഗ്) എന്നതാണ് വ്യവസ്ഥ. എന്നാല്‍ പകുതി പോലും നടപ്പാക്കിയിട്ടില്ല എന്നാണ് സ്ഥലം സന്ദര്‍ശിച്ചവര്‍ക്ക് ബോധ്യപ്പെട്ടത്. മാലിന്യങ്ങള്‍ മല പോലെ അവിടെ കിടക്കുകയാണ്. സോണ്‍ നമ്പര്‍ 1, സോണ്‍ നമ്പര്‍ 2 എന്നീ മേഖലകളില്‍ നിന്ന് മാലിന്യം നീക്കിയതായി അവകാശപ്പെട്ടാണ് കമ്പനി 3. 74 കോടി കൈപ്പറ്റിയത്. പ്രവര്‍ത്തി ആരംഭിക്കും മുമ്പ് തന്നെ 1.95 കോടി രൂപ വാങ്ങിയിരുന്നു. ആദ്യം പറഞ്ഞ ഭൂമിയിലെ ഒരേക്കറില്‍ പോലും ക്യാപ്പിംഗ് നടത്താന്‍ സോണ്ട കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സോണ്‍ 3 തൊട്ടിട്ടുമില്ല. കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം പകുതി കഴിഞ്ഞു എന്നവകാശപ്പെടുന്നത് വസ്തുതക്ക് നിരക്കാത്തതാണ്. വിദഗ്ധ സമിതിയും എഞ്ചിനീയറിങ് വിഭാഗവും കരാറുകാരന് കൂട്ടു നില്‍ക്കുകയാണ്. രാഷ്ട്രീയ സ്വാധീനമാണ് ഇതിന്റെ പിറകില്‍.

സംസ്ഥാനത്തെ പ്രമുഖ സി. പി. എം നേതാവിന്റെ മരുമകന്‍ നേതൃത്വം നല്‍കുന്ന സോണ്ട കമ്പനിക്ക് വഴിവിട്ട സഹായമാണ് കോര്‍പ്പറേഷന്‍ അധികാരികള്‍ നല്‍കുന്നത്. മാലിന്യ സംസ്‌കരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ഭരണകൂടം തയ്യാറാകണം. കോര്‍പ്പറേഷന്‍ ഭരണകൂടത്തിന്മേല്‍ സര്‍ക്കാരിന്റെയും സി. പി. എമ്മിന്റെയും ഇടപെടല്‍ അവസാനിപ്പിക്കണം. നിലവാരമുള്ള ഏജന്‍സിയെ പ്രവര്‍ത്തി ഏല്‍പിക്കണം. നാലു വര്‍ഷം കാലാവധി നല്‍കിയിട്ടും പ്രവര്‍ത്തി പകുതിയില്‍ താഴെ മാത്രം നടപ്പാക്കാത്ത കമ്പനിയെ ഒഴിവാക്കണം. ഇക്കാര്യത്തില്‍ യു. ഡി. എഫിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.

വാര്‍ത്താസമ്മേളനത്തില്‍ യു. ഡി. എഫ് ലീഡര്‍ കെ. സി ശോഭിത, ഡെപ്യൂട്ടി ലീഡര്‍ കെ. മൊയ്തീന്‍ കോയ, എസ്. കെ അബൂബക്കര്‍, നിര്‍മ്മല എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *