ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. മദ്യപിച്ചെത്തിയ പോലീസുകാര്‍ തങ്ങളെ ആക്രമിച്ചുവെന്ന് സമരക്കാര്‍ ആരോപിച്ചു. പോലീസുകാര്‍ മര്‍ദ്ദിച്ചു, വനിതാ ഗുസ്തി താരങ്ങളോട് മോശമായി പെരുമാറി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ താരങ്ങള്‍ പോലീസിനെതിരെ ഉയര്‍ത്തി. പകല്‍ പെയ്ത മഴയില്‍ സമരവേദിയിലെ കിടക്കകള്‍ നശിച്ചിരുന്നു. ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്ന വേദിയിലേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല എന്ന് പൊലീസ്. രാവിലെ 9 മണിയോടെ പിന്തുണയ്ക്കുന്ന എല്ലാവരോടും സമര പന്തലില്‍ എത്താന്‍ താരങ്ങള്‍ ആഹ്വാനം ചെയ്തു. ഇനിയും നടപടികള്‍ നീളുകയാണെങ്കില്‍ എല്ലാ താരങ്ങളും നേടിയ മെഡലുകള്‍ രാഷ്ട്രപതിക്ക് തിരിച്ചു നല്‍കി കളി നിര്‍ത്തും എന്നും സമരക്കാര്‍ പറഞ്ഞു. കൂടുതല്‍ സംഘടനകള്‍ ഇന്ന് പിന്തുണയുമായി ജന്തര്‍ മന്തറില്‍ എത്തും.
സംഘര്‍ഷത്തില്‍ നിരവധി താരങ്ങളുടെ തലയില്‍ ഇടിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോധരഹിതനായി വീണ ഒരാളെ ആശുപത്രിയില്‍ എത്തിച്ചു. അതിക്രമം എന്തിനെന്ന് പോലീസ് മറുപടി പറയണമെന്ന് ബജ്‌റംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു. വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറി. നനഞ്ഞ കിടക്ക മാറ്റുന്നതിന് എതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. സമരം ശക്തമായി തുടരും. ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു.
ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ഇന്നലെ രാത്രിയോടെ താരങ്ങള്‍ക്ക് കിടക്കകള്‍ വിതരണം ചെയ്യാന്‍ രാത്രി എത്തിയത് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. അതേസമയം ആരോപണം നിഷേധിച്ച പൊലീസ് സംഘര്‍ഷത്തിന് തുടക്കമിട്ടത് പ്രതിഷേധക്കാരാണെന്നും ആരോപിച്ചു.ആംആദ്മി പാര്‍ട്ടിയാണ് സമരക്കാര്‍ക്ക് കിടക്കകളുമായി എത്തിയത്. എന്നാല്‍ ആറ് മണിക്ക് ശേഷം ജന്തര്‍മന്തറിലേക്ക് പുറത്ത് നിന്നും ആളുകള്‍ക്ക് പ്രവേശനമില്ല. നേതാക്കള്‍ കടന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ജന്തര്‍ മന്തറിലേക്ക് അനുമതിയില്ലാതെ സോമനാഥ് ഭാരതി കിടക്കകളുമായി എത്തിയെന്നും ഇവ ട്രക്കില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായെന്നും പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന്, ചെറിയ തര്‍ക്കമുണ്ടാവുകയും സോമനാഥ് ഭാരതിയെയും മറ്റ് 2 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.