കൃത്രിമ ജലപാത പദ്ധതി; സര്‍വ്വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബി.ജെ.പി

കൃത്രിമ ജലപാത പദ്ധതി; സര്‍വ്വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബി.ജെ.പി

തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി കൃത്രിമ ജലപാത പദ്ധതിക്കായി സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ആവശ്യപ്പെട്ടു. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ ജനങ്ങളെ കുടിയിറക്കികൊണ്ട് വികലമായ വികസന പദ്ധതികള്‍ കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്ത പ്രദേശത്ത് കൂടി ജലപാതക്ക് റൂട്ട് തയ്യാറാക്കുകയാണ്. ഇത് എന്തടിസ്ഥാനത്തില്ലെന്ന് വ്യക്തമാക്കണം. ജനവാസ മേഖലയില്‍ കൂടി ഈ പദ്ധതി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ നിരവധിയാണ്. ജലമലീനികരണവും, കുടിവെള്ള ക്ഷാമവും, കൃഷി നാശവും ഈ പദ്ധതിയിലൂടെ വരുമെന്ന് സാധ്യത പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ പ്രദേശത്ത് ഉപ്പ് വെള്ളം കലരുകയും ജലസ്രോതസുകള്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. അത് പദ്ധതി ഭാഗത്ത് മാത്രമല്ല, പ്രാന്തപ്രദേശത്തുമുള്ള ജലമലിനീകരണത്തിനും, കൃഷി നാശത്തിനും കാരണമാകും.

പാനൂര്‍ മേഖലയെ കീറി മുറിച്ച് പന്ന്യന്നൂര്‍, മാക്കുനി ഭാഗത്തു കൂടി കടന്ന് പോകാന്‍ പാകത്തിലാണ് സര്‍വ്വേ. 1963ല്‍ പാരിസ്ഥിതിക ആഘാത പഠനം നടന്ന ഘട്ടത്തില്‍ നിലവിലുള്ള ജലസ്രോതസുകളെ ആശ്രയിച്ച് പദ്ധതി നടപ്പിലാക്കാനായിരുന്നു നിര്‍ദേശം. കണ്ണൂര്‍ ജില്ലയെ ഒഴിവാക്കിയാണ് സര്‍വ്വേ തീരുമാനിച്ചതും. 1963ല്‍ നിന്നും വ്യത്യസ്തമായി വീടുകളും, കെട്ടിടങ്ങളും, റോഡുകളും വികസിച്ചു. ഇവിടെയാണ് ഒരു പഠനവുമില്ലാതെ നിലവില്‍ പദ്ധതിക്കായി സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത്. പാനൂര്‍ മേഖലയില്‍ നിന്ന് അലൈന്‍മെന്റ് മാറ്റുന്നത് തന്നെ മൂന്നാം വട്ടമാണ്. അതിനു പ്രധാന കാരണം സി.പി.എം നേതാക്കളുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടും എന്നതുകൊണ്ടു കൂടിയായിരുന്നു. ഇന്ന് സാധാരണ പ്രവര്‍ത്തകരുടെ വീടുകളും കൃഷിയിടവും പോകട്ടെ എന്ന നിലപാടിലാണ് പദ്ധതി പന്ന്യന്നൂര്‍ ഭാഗത്തേക്ക് മാറ്റിയത്. ശക്തമായ ജനകീയ പ്രതിഷേധമാണ് ഇന്ന് മേഖലയില്‍ ഉയര്‍ന്നിരിക്കുന്നത്. കുടിയിറക്കപ്പെടുന്ന മനുഷ്യര്‍ പ്രതിഷേധമായി തെരുവിലിറങ്ങി കഴിഞ്ഞു. അവര്‍ക്കൊപ്പമാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ജനദ്രോഹപരമായ പദ്ധതിക്കെതിരേ ജനങ്ങള്‍ക്കൊപ്പം കൂടെയുണ്ടാവുമെന്നും എന്‍.ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *