ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റേഡിയോ നെറ്റ്‌വര്‍ക്കുകളിലൊന്നായ റേഡിയോ തുറന്നാല്‍ കേള്‍ക്കുന്ന ദിസ് ഈസ് ഓള്‍ ഇന്ത്യ റേഡിയോ ഇനിയില്ല.പ്രസാര്‍ ഭാരതിക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണം ഇനി അറിയപ്പെടുക ആകാശവാണി എന്ന് മാത്രം. ഓള്‍ ഇന്ത്യ റേഡിയോ എന്ന വിശേഷണം പൂര്‍ണമായും ഒഴിവാക്കി ആകാശവാണി എന്ന് മാത്രം ഉപയോഗിക്കാനുള്ള ആകാശവാണി ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക അറിയിപ്പ് ബുധനാഴ്ച പുറത്തിറങ്ങി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പ്രസാര്‍ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ഇനി ആകാശവാണി എന്ന് വിളിക്കുന്ന രീതി അവലംബിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
1936 ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷപണത്തിന് ഓള്‍ ഇന്ത്യ റേഡിയോ എന്ന പേര് നല്‍കിയത്. നൊബേല്‍ ജേതാവായ രവീന്ദ്രനാഥ ടാഗോറാണ് 1939 ല്‍ ആള്‍ ഇന്ത്യ റേഡിയോയെ ആകാശവാണി എന്ന്് വിളിച്ചത്. ആകാശത്തുനിന്നുള്ള ശബ്ദം എന്ന അര്‍ഥത്തിലാണ് അദ്ദേഹം ആകാശവാണി എന്ന് പേരിട്ടത്. അന്നു മുതല്‍ ആകാശവാണി എന്നും ഓള്‍ ഇന്ത്യ റേഡിയോ എന്നും ഇന്ത്യന്‍ റേഡിയോ ശൃംഖലയെ വിളിച്ചുപോരുന്നുണ്ട്. ആകാശവാണി എന്ന പേര് മാത്രമായി സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1997 മുതല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എല്ലാ റേഡിയോ പരിപാടികളിലും ഔദ്യോഗിക അറിയിപ്പുകളിലും ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് പകരം ആകാശവാണി എന്നുതന്നെ ഉപയോഗിക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവില്‍ പറയുന്നത്. ഇംഗ്ലീഷിലുള്ള പരിപാടികളിലും ആകാശവാണി എന്ന് മാത്രമേ ഉപയോഗിക്കാവൂ.