അഷ്‌കറിന്റെ പ്രതീക്ഷകള്‍ക്ക് ചിറകായി ഇലക്ട്രോണിക് വീല്‍ചെയര്‍

അഷ്‌കറിന്റെ പ്രതീക്ഷകള്‍ക്ക് ചിറകായി ഇലക്ട്രോണിക് വീല്‍ചെയര്‍

ചക്രക്കസേരയില്‍ എട്ടാം ക്ലാസുകാരനായ മകന്റെ സഹായത്തോടെയാണ് കതിരൂര്‍ വേറ്റുമ്മലെ അഷ്‌ക്കര്‍ തലശ്ശേരി താലൂക്കുതല അദാലത്തില്‍ എത്തിയത്. കാത്തിരുന്ന് മന്ത്രി കെ. രാധാകൃഷ്ണനെ കണ്ടതോടെ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. പരസഹായമില്ലാതെ വീടിന് പുറത്തേക്കിറങ്ങി ലോട്ടറി വില്‍പ്പന നടത്താന്‍ ഒരു ഇലക്ട്രോണിക് വീല്‍ചെയര്‍ വേണം. പ്രയാസം മനസിലാക്കിയ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉടന്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കാന്‍ ഉത്തരവിട്ടു. ഇനി സര്‍ക്കാര്‍ സമ്മാനിച്ച ചിറകുമായി അഷ്‌ക്കര്‍ സ്വപ്‌നത്തിലേക്ക് പറന്നുയരും.

18 വര്‍ഷം മുമ്പാണ് പെയിന്റിങ് തൊഴിലാളിയായ അഷ്‌ക്കറിന്റെ ജീവിതം മാറി മറിഞ്ഞത്. ജോലിക്കിടെ ഷോക്കേറ്റ് കെട്ടിടത്തില്‍ നിന്നും വീണ് ശരീരം അരക്ക് താഴെ തളര്‍ന്നു. വലത് കൈയുടെ സ്വാധീനവും നഷ്ട്ടപ്പെട്ടു. ഏറെക്കാലത്തെ ചികിത്സക്ക് ശേഷം ജീവിതം വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങി. വീല്‍ചെയറുണ്ടെങ്കിലും പരസഹായമില്ലാതെ പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഇതോടെയാണ് ഇലക്ട്രോണിക് വീല്‍ചെയറിനായുള്ള അപേക്ഷയുമായി അദാലത്തില്‍ എത്തിയത്. 1,27,000 രൂപയുടെ ചക്രക്കസേരയാണ് വികലാംഗ ക്ഷേമ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പ് നല്‍കുക. ഇത് ലഭിക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്താം എന്ന സന്തോഷത്തിലാണ് ഈ 42 കാരന്‍. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബന്ധുക്കളുടെ സഹായത്തോടെയാണ് കഴിയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *