കോഴിക്കോട്: തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും സ്വത്തു സമ്പത്തിച്ച രേഖകളും നല്‍കണം. അതിനോടൊപ്പം മദ്യപനാണോ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണോയെന്ന കാര്യം നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്തണം. അങ്ങനെയായാല്‍ സ്ഥാനാര്‍ഥികളുടെ ബാഹുല്യം നിയന്ത്രിക്കാനാകുമെന്ന് പ്രമുഖ എഴുത്തുകാരന്‍ ഡോക്ടര്‍ ആര്‍സു പറഞ്ഞു. കേരള മദ്യനിരോധനസമിതിയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഗാന്ധി ഗൃഹത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. തെരഞ്ഞെടുപ്പ് കാലത്ത് മദ്യം വ്യാപിപ്പിക്കില്ലെന്ന് പരസ്യം ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കി വാഗ്ദാന ലംഘകര്‍ക്ക് മാതൃകയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഐസ്.ആര്‍.ഒ മുന്‍ ഡയരക്ടര്‍ ഇ.കെ കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.ടി എം.രവീന്ദ്രന്‍, സിദ്ധീഖ് മൗലവി അയലക്കാട്ട്, ഒ.ജെ ചിന്നമ്മ, ആന്റണി ചാവറ, ചൈത്രം രാജീവന്‍, ടി.കെ.എ അസീസ്, പി.ഗൗരിശങ്കര്‍, സുഹറ നരിക്കുനി സംസാരിച്ചു. ജില്ലാ സെക്രട്ടറി പൊയിലില്‍ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 13, 14 തിയതികളില്‍ തൃശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാന്‍ കര്‍മപദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.