ബില്‍ക്കിസ് ബാനു കേസ്; വിഷയം ബെഞ്ച് കേള്‍ക്കാന്‍ കുറ്റവാളികള്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി

ബില്‍ക്കിസ് ബാനു കേസ്; വിഷയം ബെഞ്ച് കേള്‍ക്കാന്‍ കുറ്റവാളികള്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ നിലവിലെ ബെഞ്ചിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെയുള്ള കേസില്‍ വിഷയം ഇപ്പോഴത്തെ ബെഞ്ച് വാദം കേള്‍ക്കുന്നത് കുറ്റവാളികള്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ അവസരം മുതലെടുത്ത് നിലവിലെ ബെഞ്ചിനെ ഒഴിവാക്കുന്നതിനായി ശ്രമം നടക്കുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. മെയ് 19 ആയിരിക്കും കോടതിയിലെ അവസാന പ്രവര്‍ത്തി ദിവസം. വാദം കേള്‍ക്കുന്ന ബെഞ്ച് അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെഎം ജോസഫ് ജൂണ്‍ 15ന് വിരമിക്കും. കേസ് അധികം വൈകിയാല്‍ വിധി പറയാന്‍ സാധിക്കില്ല. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.

കേസില്‍ തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ജയില്‍ മോചിതരായ 11 പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനു ശേഷമാണ് ബെഞ്ച് അധ്യക്ഷന്റെ വാക്കാലുള്ള പരാമര്‍ശം. ‘നിങ്ങള്‍ എന്താണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഞാന്‍ ജൂണ്‍ 16ന് വിരമിക്കും മേയ് 19 ആണ് എന്റെ അവസാന പ്രവൃത്തി ദിനം. വേനല്‍കാല അവധിക്കു ശേഷം പുതിയ ബെഞ്ചായിരിക്കും കേസിന്റെ വാദം കേള്‍ക്കുന്നത്. ഈ ബെഞ്ച് കേസ് കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. അഭിഭാഷകര്‍ കോടതിയിലെ ഉദ്യോഗസ്ഥരാണ്, ആ കാര്യം മറക്കരുത്. നിങ്ങള്‍ ഒരു കേസില്‍ ജയിച്ചേക്കാം അല്ലെങ്കില്‍ തോറ്റേക്കാം, പക്ഷേ നിങ്ങളുടെ കടമ മറക്കരുത്’ -ജസ്റ്റിസ് ജോസഫ് പറഞ്ഞു. ജീവപര്യന്തം ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ കേന്ദ്രം അംഗീകരിച്ച ഗുജറാത്ത് സംസ്ഥാനത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജിയില്‍ എതിര്‍ വിഭാഗം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയായിരുന്നു ഹര്‍ജി. കുറ്റകൃത്യം ഭയാനകമാണെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് അന്ന് നടത്തിയത്. കേസില്‍ 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബൈ ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *