കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്ത നവ കേരള പദ്ധതി’യുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ, ഹരിത കര്‍മസേന എന്നിവരും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിന് ശേഷം മാലിന്യമുക്ത നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ കര്‍മ പദ്ധതി അംഗീകരിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. 15ന് മുന്‍പായി മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും മാലിന്യമുക്തമാക്കുവാനും വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കുവാനും സ്ഥാപന മേധാവികളുടെ യോഗം ഉടന്‍ ചേരുന്നതാണ്. കുടുംബശ്രീ വഴി എല്ലാ വീടുകളിലും പ്രഫോര്‍മ പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. ക്യാമ്പയിനിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും തോട്, ജലാശയങ്ങള്‍ എന്നിവ പ്ലാസ്റ്റിക്ക് മുക്തമാക്കുവാനുള്ള നടപടിയും സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച മിനി എം.സി.എഫുകള്‍ ഹരിത കര്‍മ സേനക്ക് കൈമാറുന്നതാണ്.
വാര്‍ഡുകളില്‍ മാലിന്യ സംസ്‌കരണം വാതില്‍ പടി കവറേജ് 100% എത്തിക്കുന്നതിന് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തും. അടുത്ത മാസം ആദ്യ വാരം മുതല്‍ വാര്‍ഡുകളെ മാലിന്യ മുക്ത പ്രദേശമായി പ്രഖ്യാപിക്കും. പൊതു സ്ഥലങ്ങളില്‍ മാലിന്യ ജലം ഒഴുക്കുന്നവര്‍ക്കെതിരേ നടപടി എടുക്കും. അജൈവ വസ്തുക്കള്‍ ഹരിത കര്‍മ സേനക്ക് കൈമാറാതിരികുകയോ പ്ലാസ്റ്റിക്ക് കത്തിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. യോഗത്തില്‍ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് കരട് കര്‍മ പദ്ധതി അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , ജനീധ ഫിര്‍ദൗസ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ്ബാബു , കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ , ഹരിത കര്‍മസേന അംഗങ്ങളായ നിഷ, രേവതി, ലീല എന്നിവര്‍ സംസാരിച്ചു.