ന്യൂഡല്‍ഹി: റിലീസിനു മുമ്പേ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ യഥാര്‍ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതിക്കാണിക്കണമെന്ന ആവശ്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തള്ളി. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഈ ആവശ്യം തള്ളിയത്.
ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള സിനിമയാണെന്നും വിദ്വേഷ പ്രചരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ഥ സംഭവ കഥ എന്ന നിലയിലാണ് സിനിമ അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ സംഭവ കഥയല്ലെന്ന് സിനിമയില്‍ എഴുതിക്കാണിക്കണം. വെള്ളിയാഴ്ച പ്രദര്‍ശനത്തിന് വരുന്നതിനാല്‍ നാളെത്തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആരോപിച്ചു.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന കാര്യം ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് ഹരീഷ് സാല്‍വേ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ദ കേരള സ്‌റ്റോറി സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റോടെയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയയില്‍ പത്ത് മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.