തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ചൊവ്വന്നൂര്‍ എസ്.ബി.ഐ ബാങ്കിന് സമീപത്ത് വെച്ചാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞത്. ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അടക്കം ആറ് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ന്യുമോണിയ ബാധിച്ച് ശ്വാസതടസം നേരിട്ട ഫെമിനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ് , സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റഹ്‌മത്തിന്റെ ബന്ധുവാണ് ഫെമിന. ഇവരുടെ ഭര്‍ത്താവാണ് ആബിദ്. പരുക്കേറ്റ ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുന്നംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കനത്ത മഴയത്ത് ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.