ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാനായി സമര പന്തലില്‍ പി. ടി ഉഷയെത്തി. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പി. ടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങള്‍ക്കെതിരെയായിരുന്നു പി. ടി ഉഷയുടെ നിലപാട്. ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നുമായിരുന്നു പിടി ഉഷയുടെ വിമര്‍ശനം.
സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പി. ടി ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പന്തലില്‍ നിന്ന് പുറത്ത് പോവുന്നതിനിടെ പി. ടി ഉഷയുടെ വാഹനം സമരം ചെയ്യുന്നവരിലൊരാളായ വിമുക്തഭടന്‍ തടഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണെതിരെയുള്ള പരാതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു. പോലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ നിലപാട് സംശയകരമാണ്. നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഫലമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.