ന്യൂഡല്‍ഹി: 180 രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 161-ം റാങ്കിലേയ്ക്ക് കൂപ്പുകുത്തി ഇന്ത്യ. റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയുടെ ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ റാങ്ക് 11 പോയിന്റ് ഇടിഞ്ഞു. ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും കൂടുതല്‍ അപകടത്തിലേക്കെന്ന് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍, രാഷ്ട്രീയപരമായി പക്ഷം പിടിക്കുന്ന മാധ്യമങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാന്‍ കാരണമായി ആര്. എസ്. എഫ് ചൂണ്ടിക്കാണിക്കുന്നത് ഇതെല്ലാമാണ്.
രാഷ്ട്രീയം, സാമ്പത്തികം, നിയമനിര്‍മാണം, സാമൂഹികം, സുരക്ഷ എന്നിങ്ങനെ അഞ്ച് സൂചകങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ രാജ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നത്. സുരക്ഷാ സൂചികയിലാണ് ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്നത്. 172 ആണ് സുരക്ഷാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഏറ്റവും പിറകിലുള്ള രാജ്യം മ്യാന്‍മറാണ്. ദക്ഷിണേന്ത്യയില്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന രാജ്യമാണ് ഇന്ത്യ. പാകിസ്താന്‍ 150-ാം സ്ഥാനത്തും താലിബാന്‍ നിയന്ത്രിക്കുന്ന അഫ്ഗാനിസ്ഥാന്‍ 152-ാം സ്ഥാനത്തും ഇന്ത്യയ്ക്ക് മുകളിലാണ്. ഭൂട്ടാന് 90-ാം റാങ്കും ശ്രീലങ്കയ്ക്ക് 135-ാം റാങ്കുമുണ്ട്.