കൊച്ചി: അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയെന്നു കണ്ടെത്താനാവാതെ നിന്ന വനം വകുപ്പിന് ആശ്വാസം. ഇന്ന് രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന.
ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചിരുന്നില്ല. ആന ചോലവനത്തിലായിരിക്കാം എന്നായിരുന്നു വനം വകുപ്പിന്റെ വിലയിരുത്തല്‍. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ വിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ ലഭിച്ചിരുന്നു. പിന്നീട് ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്നല്‍ നഷ്ടപ്പെട്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച നാലരയോടെയാണ് അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് തുറന്നു വിട്ടത്. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു അരിക്കൊമ്പന്‍.