മുംബൈ: എന്‍. സി. പി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തുടരുന്ന ശരദ് പവാര്‍ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ശരദ് പവാര്‍ ഒഴിയുന്നതോടെ എന്‍. സി. പിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു. എന്‍. സി. പിയില്‍ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ അടക്കം നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്നാണ് കരുതപ്പെടുന്നത്. എപ്പോള്‍ ഈ തീരുമാനം ഉണ്ടാകുമെന്നത് വ്യക്തമല്ല. അജിത് പവാര്‍ ബി. ജെ. പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശരദ് പവാര്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.