വടകര: പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ‘പാര്‍കോ-വീര്‍ഭാരത്’ ഹെല്‍ത്ത് പാക്കേജ് സ്‌കീം ആവിഷ്‌കരിച്ചതായി വെറ്ററന്‍സ് ഇ.സി.എച്ച്.എസ് ആന്റ് സി.എസ്.ഡി വെല്‍ഫയര്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകരയില്‍ ഇ.സി.എച്ച് പോളി ക്ലിനിക്കോ എംപാനല്‍ഡ് റഫറല്‍ ആശുപത്രിയോ ഇല്ലാത്ത സാഹചര്യത്തില്‍ ഇ.സി.എച്ച് ആന്റ് സി.എസ്.ഡി വെല്‍ഫയര്‍ ഫോറവും പാര്‍കോയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വീര്‍ ഭാരത് ഹെല്‍ത്ത് പാക്കേജ് പ്രകാരം ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 50 ഉം ഐ.പി സര്‍വീസ് ബില്‍, ഇന്‍വെസ്റ്റിഗേഷന്‍ പ്രൊസീജിയറുകള്‍ എന്നിവയ്ക്ക് 20 ഉം മറ്റു ഇന്‍ഷൂറന്‍സുകള്‍ ഉള്ളവര്‍ക്ക് കോ-പെയ്‌മെന്റില്‍ 50 ഉം ശതമാനം ഇളവ് അനുവദിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ 20 കിലോമീറ്റര്‍ പരിധിയില്‍ ആംബുലന്‍സ് സര്‍വീസ് സൗജന്യമായിരിക്കും. ആനുകൂല്യം ലഭിക്കുന്നതിന് ഇ.സി.എച്ച് കാര്‍ഡ് നിര്‍ബന്ധമായും കരുതേണ്ടതാണ്. ഈ ചികിത്സാ പദ്ധതി മെയ് മൂന്നിന് പ്രാബല്യത്തില്‍ വരും.
ഇന്ത്യയില്‍ വിമുക്ത ഭടന്മാര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് എക്‌സ് സര്‍സീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം. 2003 ഏപ്രിലിലാണ് ഈ പദ്ധതി നിലവില്‍ വന്നത്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, ആസ്സാം റൈഫിള്‍സ്, എം.എന്‍.എസ്, ഡിഎസ്സി, ടി.എ, എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങള്‍ ഇതിന്റെ ഉപഭോക്താക്കളാണ്. വിരമിക്കുന്ന സമയത്ത് ഓരോ വ്യക്തിയില്‍ നിന്നും പദവിക്കനുസരിച്ച് ഒരു നിശ്ചിത തുക ഈടാക്കുകയും അതിനുശേഷം പ്രതിമാസം ലഭിക്കുന്ന മെഡിക്കല്‍ അലവന്‍സ് നിര്‍ത്തലാക്കി ആസംഖ്യ കൂടി ഉള്‍പ്പെടുത്തിയാണ് ഇ.സി.എച്ച്.എസ് ആവിഷ്‌കരിച്ചത്.
എന്നാല്‍ വടകരയില്‍ ഇസി.എച്ച്.എസ് പോളിക്ലിനിക്കോ എംപാനല്‍ഡ് ആശുപത്രിയോ ഇല്ലാത്ത സാഹചര്യത്തില്‍ 50 കിലോമീറ്റര്‍ ദൂരത്തുള്ള കണ്ണൂരിലെയോ കോഴിക്കോട്ടെയോ പോളിക്ലിനിക്കുകളേയും എംപാനല്‍ഡ് ആശുപത്രികളെയുമാണ് വടകരയിലും പരിസരപ്രദേശങ്ങളിലുമുള്ള ഇ.സി.എച്ച്.എസ് ഉപഭോക്താക്കള്‍ ആശ്രയിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍കോയുമായി യോജിച്ച് വീര്‍ഭാരത് പദ്ധതി ആവിഷ്‌കരിച്ചത്. വടകരയില്‍ ഒരു ഇ.സി.എച്ച്.എസ് പോളിക്ലിനിക്ക് അനുവദിച്ചു കിട്ടുന്നതിനു വേണ്ടി വര്‍ഷങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇതുവരെ ഒരു ഫലവും ഉണ്ടായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇ.സി.എച്ച്.എസ് ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ ആദ്യമായി കേരളം ആസ്ഥാനമാക്കി കോഴിക്കോട് രൂപീകരിച്ച സംഘടനയാണ് വെറ്ററന്‍സ് ഇ.സി.എച്ച്.എസ് ആന്റ് സി.എസ്.ഡി വെല്‍ഫയര്‍ ഫോറം. ഈ ഫോറം രൂപീകരിച്ച ശേഷം ചികിത്സ നിഷേധിക്കപ്പെട്ട നിരവധി ഉപഭോക്താക്കള്‍ക്ക് ചികിത്സ ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സി.ജി.എച്ച്.എസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ സംഘടനക്ക് വളരെയധികം സന്തോഷമുണ്ട്. ബാക്കിയുള്ളത് കൂടി എത്രയും പെട്ടെന്ന് വര്‍ധിപ്പിക്കണമെന്നും എം.പാനല്‍ ആശുപത്രികളില്‍ കുടിശ്ശിക വരാതെ ബില്ല് സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വെറ്ററന്‍സ് ഇ.സി.എച്ച്.എസ് ആന്റ് സി.എസ്.ഡി വെല്‍ഫയര്‍ ഫോറം പ്രസിഡന്റ് വിശ്വനാഥന്‍. എ, വൈസ് പ്രസിഡന്റ് എ.രാജന്‍, ജനറല്‍ സെക്രട്ടറി ഗിരീഷ്.പി, പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുഭാഷ് സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.