ദ കേരള സ്‌റ്റോറി:  സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തും, ഇസ്ലാമോഫോബിയയെക്കുറിച്ച് അറിയില്ല; സുദീപ്‌തോ സെന്‍

ദ കേരള സ്‌റ്റോറി:  സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തും, ഇസ്ലാമോഫോബിയയെക്കുറിച്ച് അറിയില്ല; സുദീപ്‌തോ സെന്‍

ന്യൂഡല്‍ഹി:  റിലീസിന് മുമ്പേ വിവാദത്തിലായ സിനിമയായ ദ കേരള സ്‌റ്റോറിയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സെന്‍സര്‍ ബോര്‍ഡ് ഉന്നത സമിതിയാണെന്നും സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി. സിനിമയെക്കുറിച്ച് അഭ്യൂഹങ്ങളാണ് പരക്കുന്നതെന്നും യാഥാര്‍ഥ്യം അതല്ലെന്നും പറഞ്ഞ സംവിധായകന്‍ തനിക്ക് ഇസ്ലാമോഫോബിയയെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി.

സിനിമയില്‍ പത്ത് മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നതില്‍ നിന്ന് ഇന്ത്യന്‍ എന്ന വാക്ക് ഒഴിവാക്കാനും കേരള മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍ നിന്ന് ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശമുണ്ട്. സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന ഏറ്റവും ദൈര്‍ഘ്യമുള്ള ഭാഗം ഈ അഭിമുഖമാണ്. എന്നാല്‍, വി. എസിന്റെ പരാമര്‍ശങ്ങള്‍ മറ്റൊരു രീതിയില്‍ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.

സിനിമയില്‍ പരാമര്‍ശിക്കുന്ന കണക്കുകളെ സംബന്ധിച്ച് രേഖാമൂലമുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ എക്‌സാമിനിങ് കമ്മിറ്റി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. പാകിസ്താന്‍ വഴി, അങ്കോ പൈസണ്‍ കി മദാത്ത് അമേരിക്ക ഭി കര്‍ത്താ ഹേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൈന്ദവാചാരങ്ങള്‍ അനുവദിക്കുന്നില്ല എന്നീ സംഭാഷണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്.

വാസ്തവവിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സിനിമയുടെ 2. 45 മിനിറ്റുള്ള ട്രെയിലറിലും കുപ്രചരണങ്ങളും വാസ്തവവിരുദ്ധമായ കാര്യങ്ങളും കുത്തിനിറച്ചിട്ടുണ്ട്. കേരളത്തില്‍ മതംമാറ്റി 32,000 സ്ത്രീകളെ ഐ. എസില്‍ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയച്ചുവെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന സിനിമയ്‌ക്കെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *