ന്യൂഡല്‍ഹി: ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗക്കേസില്‍ പ്രത്യേക അപേക്ഷ ഫയല്‍ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍ മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ. എം ജോസഫും ബി. വി. നാഗരത്‌നയും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ. എം. ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈക്കോടതിയേയോ ഉത്തരവാദപ്പെട്ട മറ്റു സംവിധാനങ്ങളെയോ സമീപിച്ചുകൂടെയെന്ന് ആരാഞ്ഞ ബെഞ്ച് വിഷയം ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാനും നിര്‍ദ്ദേശിച്ചു.
അതേസമയം, ദ കേരള സ്റ്റോറിക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്ന ഭാഗത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.