എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്പം ഇല്ലാതാകും; വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി

എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്പം ഇല്ലാതാകും; വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.

അതേസമയം,  ഇന്നലെ വൈകുന്നേരം കാസര്‍ഗോഡു നിന്നു വരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായത് തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിനു സമീപമെന്ന് പൊലീസ് നിഗമനം. നേരത്തെ തിരുനാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു കരുതിയത്. സി. സി. ടി. വി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ് . കല്ലേറില്‍ സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. ആര്‍. പി. എഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പൊലീസിന് വിവരം കൈമാറിയെന്നും റെയില്‍വേ അറിയിച്ചിരുന്നു. സംഭവത്തില്‍ തിരൂര്‍ പോലീസും റെയില്‍വേ പോലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനിനു സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പിന്നാലെ റെയില്‍വേ അറിയിച്ചിരുന്നു.

വന്ദേഭാരത് എക്‌സ്പ്രസ്സിനെതിരെ നടന്ന കല്ലേറ് അങ്ങേയറ്റം നിര്‍ഭാഗ്യകരവും കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു വന്ദേഭാരത് വന്ന ഉടനെത്തന്നെ നീചമായ എതിര്‍പ്പുകള്‍ ചില കോണില്‍നിന്നുണ്ടായതാണ്. കുറ്റക്കാരെ കണ്ടുപിടിച്ച് കര്‍ശന നടപടി എടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രക്കിടെ ട്രെയിനില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. അഞ്ച് പേരില്‍ നിന്നും 1000രൂപ വീതം പിഴ ഈടാക്കി. കൂടാതെ കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആര്‍പിഎഫ് കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145സി( യാത്രക്കാരെ ശല്യപ്പെടുത്തുക), 166 ( ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക), റെയില്‍വേസ്ഥലത്ത് അതിക്രമിച്ച് കയറുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *