തിരുവനന്തപുരം : കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ ലഭിച്ചിരുന്നു.
മെയ് 6 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.02-05-2023 മുതല്‍ 03-05-2023 വരെ കേരള – ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കമോറിന്‍ പ്രദേശം, ശ്രീലങ്കന്‍ തീരത്തെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ – പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.