വന്യമൃഗശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍: വനം മന്ത്രി

വന്യമൃഗശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍: വനം മന്ത്രി

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ടത്. എന്നാല്‍ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. പുലര്‍ച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കൂട്ടം ഇറങ്ങുകയും ഷെഡ് തകര്‍ക്കുകയും ചെയ്തു. ഷെഡില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇതോടെയാണ് വന്യമൃഗശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ എന്നും തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതല ചര്‍ച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിനകത്തും പുറത്തും ഉള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാന്‍മാര്‍ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയില്‍ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കുന്നുണ്ട്. ടെലി കോളര്‍ വച്ച് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അരിക്കൊമ്പന്‍ മിഷന്‍ സുതാര്യമായാണ് നടത്തിയതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *