ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്കു വരാന്‍ കര്‍ണാടക പോലിസ് ചോദിച്ച സുരക്ഷാ ചെലവ് ശരിവച്ച് സുപ്രീം കോടതി. പ്രതിമാസം 20 ലക്ഷം രൂപ സുരക്ഷാ ചെലവിനത്തില്‍ നല്‍കണമെന്നായിരുന്നു കര്‍ണാടക പോലിസിന്റെ ആവശ്യം. ഇതിനെതിരേ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇടിപെടില്ലെന്ന് സുപ്രീം കോടതി. പ്രതിമാസം 20 ലക്ഷം രൂപവച്ച് മൂന്ന് മാസത്തേക്ക് 60 ലക്ഷം രൂപ നല്‍കണമെന്നാണ് മദനിയോട് കര്‍ണാകട സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ആ സമയത്ത് തന്നെ കര്‍ണാടക പോലിസ് സുരക്ഷയൊരുക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക പോലിസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുരക്ഷാ ചെലവിനായി 20 ലക്ഷം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രയും പണം പ്രതിമാസം നല്‍കാനാവില്ലെന്ന് മദനി ചൂണ്ടിക്കാട്ടി.
മഅ്ദനിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കഴിഞ്ഞ തവണ മഅ്ദനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.18 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആ സ്ഥാനത്ത് 20 ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്ന് കപില്‍ സിബല്‍ ഉന്നയിച്ചു. ആറംഗ സമിതിയാണ് സുരക്ഷാ ചെലവ് കണക്കാക്കിയത്. പത്ത് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ വിവരം മദനി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ ചെലവ് പഴയ നിലയില്‍ കണക്കാക്കാനാവില്ലെന്നും കര്‍ണാടക പോലിസ് വാദിച്ചു. പത്ത് സ്ഥലത്ത് പോകുന്നില്ലെന്നും മൂന്ന് സ്ഥലത്തേ പോകുന്നുള്ളൂവെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ പോലിസ് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച കോടതി ചെലവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഹര്‍ജി തള്ളിയത്.
അകമ്പടി പോകുന്ന പോലിസുകാരുടെ എണ്ണം കുറക്കാന്‍ കഴിയില്ലന്ന് കര്‍ണാടക സുപ്രീം കോടതിയില്‍ പറഞ്ഞു. ഇവരുടെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചിലവ് ഒരു കോടിയിലും കവിയുമെന്നും കര്‍ണാടക വ്യക്തമാക്കി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള കര്‍ണാടക പോലിസ് സംഘം കേരളത്തിലെത്തി നല്‍കിയ റിപ്പോര്‍ട്ടിന്‍ പ്രകാരമാണ് ഇത്രയും തുക നിശ്ചയിച്ചത്.