തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ അജണ്ടയുടെ ഭാഗമാണ് ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബാര്‍ കോഴക്കേസ് പണ്ടേ അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഉത്തരവിട്ടാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന സി.ബി.ഐ സത്യവാങ്മൂലം സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സി.ബി.ഐ എന്ന് പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയാണ്. അതിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണ്. അപ്പോള്‍ പിന്നെ അവര്‍ എന്തൊക്കെ പറയുമെന്നതിനെക്കുറിച്ച് അല്‍പം ധാരണയുണ്ടായാല്‍ മതി. കൂട്ടിലിട്ട തത്ത എന്നെല്ലാം ഇതിനെക്കുറിച്ച് വെറുതെ പറഞ്ഞതല്ലല്ലോ. അതാണ് അതിന്റെ ശരിയായ അര്‍ഥം. ആര്‍.എസ്.എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. അതാണ് പ്രശ്‌നം,’ ഗോവിന്ദന്‍ പറഞ്ഞു.
2014ല്‍ കെ.എം മാണിക്കെതിരെ കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ 418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശ് ആരോപിച്ചത്. പിന്നാലെ പി.എല്‍ ജേക്കബ് എന്നയാളാണ് ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചി സി.ബി.ഐ യൂണിറ്റിലെ എസ്.പി എ.ഷിയാസാണ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ.ബാബു, ജോസ് .കെ മാണി എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2014ല്‍ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബു ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്ക്കാനും ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി, ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന് 25 ലക്ഷം, എക്സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം എന്നിങ്ങനെ ബിജു രമേശ് വെളിപ്പെടുത്തിയതായും സി.ബി.ഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.