കേരളത്തിന് പ്രത്യേക പരിഗണന നല്‍കുകയാണ് എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേ ഭാരത് അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് പ്രത്യേക പരിഗണന നല്‍കുകയാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍, കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണന ഒരു വന്ദേഭാരത് ട്രെയിന്‍ തന്നത് കൊണ്ട് മാത്രം മറയ്ക്കാന്‍ കഴിയില്ല ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രളയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേരളത്തിന് ബില്ല് അയച്ചവരാണ് കേന്ദ്ര സര്‍ക്കാര്‍. സഹായമായി നല്‍കിയ ഭക്ഷ്യധാന്യത്തിന് പോലും പിന്നീട് പണം ചോദിച്ചു. ആരെങ്കിലും അങ്ങനെ ചെയ്യുമോ? പ്രതിസന്ധി ഘട്ടത്തില്‍ വിദേശ രാജ്യത്തുള്ളവര്‍ സഹായിക്കാന്‍ തയ്യാറായപ്പോള്‍ അതുപോയി വാങ്ങാന്‍ പോലും കേന്ദ്രം അനുമതി തന്നില്ല. ഇതാണോ കേന്ദ്രത്തിന്റെ സവിശേഷ പരിഗണന? കിഫ്ബിയേയും സഹകരണ ബാങ്കിനേയും വരെ തകര്‍ക്കാന്‍ ശ്രമം നടന്നു. സാമ്പത്തികമായി ഞെരുക്കി കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്.
എയിംസ്, റെയില്‍വേ കോച്ച് ഫാക്ടറി, ശബരി റെയില്‍പാത എന്നിവയെല്ലാം യാഥാര്‍ഥ്യമാകാതെ കേരളത്തിന്റെ സ്വപ്‌നമായി ഇപ്പോഴും അവശേഷിക്കുകയാണ്. ഒരു വന്ദേഭാരത് ട്രെയിന്‍ തന്നതുകൊണ്ട് മാത്രം മറച്ചുവെക്കാന്‍ ആകുന്നതല്ല കേരളം നേരിടുന്ന വിവേചനവും അവഗണനയും. ഒമ്പത് വര്‍ഷംകൊണ്ട് കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിന്‍ മാത്രമാണ്. രാജ്യത്ത് 175 നഴ്‌സിങ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നു പോലും ലഭിച്ചില്ല. നഴ്‌സിങ് രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനത്തോട് ഇതില്‍പ്പരം അവഗണന ഒരു സര്‍ക്കാരിന് കാണിക്കാന്‍ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.