തിരുവനന്തപുരം: പച്ചക്കള്ളം പറയുന്ന കേരള സ്റ്റോറി സിനിമക്കെതിരേ മുസ്‌ലിം ലീഗ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കേരളത്തെ ഉത്തരേന്ത്യ ആയി മാറ്റാനും ഇവിടെ കാലുറപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണിത്. ഇത് മുമ്പ് പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന് കീഴിലെ ഏജന്‍സികള്‍ ആണ് അന്വേഷണം നടത്തിയതെന്നും പഴകി പുളിച്ച പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കും എന്നല്ല പറയേണ്ടത്, പ്രവര്‍ത്തിച്ചാണ് കാണിക്കേണ്ടത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മതിയോ? മുഖ്യമന്ത്രിക്ക് അധികാരം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നടത്തിയ പ്രസ്താവനയെ സിനിമ അടിസ്ഥാനമാക്കുന്നുണ്ടെന്നും വി.എസിന്റെ പ്രസ്താവനയില്‍ സി.പി.എമ്മിന്റെ നിലപാട് എന്താണ്? ആ നിലപാടില്‍ സി.പി.എം ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും പി.എം.എ സലാം ചോദിച്ചു. ഇതിന് പാര്‍ട്ടി സെക്രട്ടറി മറുപടി പറയണം. മതസ്പര്‍ധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.