തൊഴിലില്‍ ഗണേശന് ഒന്നര കൈ പ്രശ്‌നമേയല്ല

തൊഴിലില്‍ ഗണേശന് ഒന്നര കൈ പ്രശ്‌നമേയല്ല

ചാലക്കര പുരുഷു

തലശ്ശേരി: ചൊക്ലി ടൗണ്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന്റെ ഒരു മൂലയില്‍ ഏത് മഴയത്തും കൊടുംവേനലിലും കഴിഞ്ഞ 32 വര്‍ഷമായി മുറതെറ്റാതെ വന്നിരിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. കോഴിക്കോട് ജില്ലയിലെ എടച്ചേരിയില്‍ നിന്നും, കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ എന്നും രാവിലെ ഒമ്പത് മണിക്ക് വന്നെത്തുന്ന ഈ തൊഴിലാളിയുടെ പേര് ഗണേശന്‍. ജന്മദേശം തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ആണെങ്കിലും പ്രിയപ്പെട്ടവരെല്ലാമുള്ളത് ചൊക്ലിയില്‍. ഗണേശന് ചൊക്ലിക്കാരെയെല്ലാംമറിയാം. ചൊക്ലിക്കാര്‍ക്ക് തിരിച്ച് ഗണേശനേയും. തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവരെ പലപ്പോഴും മുഖം നോക്കാതെ തന്നെ അവര്‍ അണിഞ്ഞിരിക്കുന്ന ചെരിപ്പും, ഷൂസും കണ്ടാല്‍തന്നെ പിഴവില്ലാതെ തിരിച്ചറിയും. അത്രമേല്‍ ആത്മബന്ധമുണ്ട് ഈ തൊഴിലാളിക്ക് ഈ നാടുമായി.

മൂന്ന്പതിറ്റാണ്ടിലേറെക്കാലമായി ചൊക്ലിക്കാരുടെ പിന്നിപ്പോയ ബാഗുകളും, കണ്ണിപൊട്ടിയ ചെരിപ്പുകളും വില്ലൊടിഞ്ഞ കുടയുമെല്ലാം വളരെ മനോഹരമായി നന്നാക്കി നല്‍കുന്നത് ഈ ചെറുപ്പക്കാരനാണ്. റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്നവരാരെന്ന് നോക്കാനൊന്നും ഗണേശന് നേരമുണ്ടാവില്ല. തല കുനിച്ചിരുന്ന് സദാസമയവും ജോലിയില്‍ മുഴുകിയിരിക്കും. ഇടത് കൈമുട്ടിന് താഴെയില്ലെങ്കിലും ഗണേശന്‍ വിരലുകളില്ലാത്ത ഇടത് കൈകൊണ്ട് സൂചിയില്‍ നൂല്‍ കോര്‍ക്കുന്നതും കാഠിന്യമേറിയ ചെരിപ്പില്‍ തുടരെ തുടരെ സൂചി കുത്തിയിറക്കുന്നതും കീറിയ കുടകള്‍ ഞൊടിയിടയില്‍ പുതുപുത്തന്‍ പോലെ തുന്നിച്ചേര്‍ക്കുന്നതും, സിബ്ബുകള്‍ പോയ ബാഗുകള്‍ക്ക് പുതുമ കൈവരുന്നതും കണ്ടിരിക്കാന്‍ തന്നെ കൗതുകമാണ്. ഗണേശന്‍ കുടുംബത്തോടൊപ്പം എടച്ചേരിയിലാണ് താമസം. കഠിനമായി ജോലി ചെയ്തിട്ടും സ്വന്തമായി കുടുംബത്തിന് ഒരു കൂരയുണ്ടാക്കാന്‍ ഇന്നേ വരെ ഗണേശന് കഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും പണി ഉണ്ടാവില്ല. രണ്ട് ബസ് കയറി വേണം പോക്ക്‌വരവ്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ കിടപ്പാടത്തെക്കുറിച്ചുള്ള ചിന്ത പോലും ഗണേശന്റെ ചിന്തയില്‍ തെളിയുന്നില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *