തൊഴിലാളി വര്‍ഗപോരാട്ടത്തിന് കരുത്ത് പകര്‍ന്ന മെയ്ദിന സ്മരണകള്‍

തൊഴിലാളി വര്‍ഗപോരാട്ടത്തിന് കരുത്ത് പകര്‍ന്ന മെയ്ദിന സ്മരണകള്‍

ചിക്കാഗോയുടെ തെരുവീഥികളില്‍ അവകാശങ്ങളുയര്‍ത്തി തൊഴിലാളിവര്‍ഗം നടത്തിയ പോരാട്ടത്തിന്റെ സ്മരണകളാണ് മെയ്ദിനം മുന്നോട്ടു വയ്ക്കുന്നത്. നമ്മുടെ രാജ്യത്തും മെയ്ദിനാഘോഷം നടന്നിട്ട് ഇന്നേക്ക് നൂറുവര്‍ഷം തികയുകയാണ്. മദ്രാസിലെ ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലാണ് മെയ്ദിനാഘോഷം സംഘടിപ്പിച്ചത്. ശിങ്കാരവേലു ചെട്ടിയാരെ കണ്ണിലെ കരടായിക്കണ്ട ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കി. മരണം വരെ ശിങ്കാരവേലു ചെട്ടിയാര്‍ തൊഴിലാളി വര്‍ഗത്തിനു വേണ്ടി പോരാടുകയായിരുന്നു.

ഒരു നൂറ്റാണ്ട് പിന്നിട്ട് 2023 മെയ് ഒന്നിന് നാം തിരിഞ്ഞു നോക്കുമ്പോള്‍ തൊഴിലാളി വര്‍ഗം നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന്റേയും സമരപോരാട്ടങ്ങളുടേയും ഭാഗമായി തൊഴിലാളികളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമത്തിനായി ചിക്കാഗോയില്‍ പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച തൊഴിലാളികളുടേയും നമ്മുടെ രാജ്യത്തും ലോകത്തെല്ലായിടത്തും തൊഴിലാളിവര്‍ഗം നടത്തിയ പോരാട്ടം വൃഥാവിലായിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

എന്നാലിന്ന് തൊഴിലിലും തൊഴിലിടങ്ങളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തൊഴിലാളികള്‍ക്ക് അനുഗുണമാണോ എന്ന പരിശോധന ആവശ്യമാണ്. ശാസ്ത്രസാങ്കേതികനേട്ടങ്ങളെ വന്‍കിടമൂലധന ശക്തികള്‍ കൈയ്യടക്കി തൊഴില്‍ രംഗത്ത് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. തൊഴില്‍ സുരക്ഷിതത്വമില്ലായ്മയാണ് ഏറ്റവും വലിയ വെല്ലുവിളി. ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളടക്കം യാതൊരു മുന്നറിയിപ്പും നല്‍കാതെ ഒരു ദിവസം അപ്രതീക്ഷിതമായി സ്ഥാപനങ്ങളിലെ താഴെത്തട്ടിലും മുകള്‍ത്തട്ടിലുമുള്ളവരെ പിരിച്ചുവിടുകയാണ്. തൊഴിലാളി വര്‍ഗം നേടിയെടുത്ത തൊഴില്‍ സംരക്ഷണ അവകാശം ഹനിക്കപ്പെടുമ്പോള്‍ സര്‍ക്കാരുകള്‍ നോക്കുകുത്തികളാവുന്നതിന് നീതീകരണമില്ല.

നമ്മുടെ രാജ്യത്ത് കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് ചില സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളായി വളര്‍ന്നുവന്നതെന്ന് കാണാന്‍ സാധിക്കും. ഇത്തരം കോര്‍പ്പറേറ്റുകള്‍ വളരുമ്പോള്‍ തകരുന്നത് തൊഴിലാളികളുടെ താല്‍പര്യങ്ങളും രാജ്യത്തെ പൊതുമേഖലയുമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണ്. അത് സ്വാതന്ത്ര്യാനന്തരം നമ്മുടെ ഭരണാധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ കെട്ടിപ്പടുത്തതാണ്. ആരോഗ്യ, വിദ്യാഭ്യാസ, ഇന്‍ഷുറന്‍സ്, ഇന്ധന ഭക്ഷ്യമേഖലയിലടക്കം രാജ്യത്തിന് അഭിമാനകരമായ പൊതുമേഖലാസ്ഥാപനങ്ങള്‍ തളരുകയും കോര്‍പ്പറേറ്റുകള്‍ വളരുകയും ചെയ്താല്‍ കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥ നാടിനുണ്ടാകും. ഇത് അനിയന്ത്രിതമായ വിലക്കയറ്റത്തിനും സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതിനും ഇടയാക്കും.

രാജ്യത്തെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തില്‍ അവര്‍ ഉന്നയിച്ച പ്രധാനപ്രശ്നങ്ങളില്‍ ഒന്ന് കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കുന്നു എന്നായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷികമേഖല കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കിയാല്‍ കര്‍ഷകജീവിതം ദുരിതമായി മാറുകയും കൃഷിയിടങ്ങളില്‍ നിന്ന് കര്‍ഷകന്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്യും. ലാഭാധിഷ്ഠിതത്തില്‍ മാത്രം കണ്ണും നട്ട മുതലാളിവല്‍ക്കരണം തൊഴിലാളിവര്‍ഗത്തിന് മാത്രമല്ല നമ്മുടെ രാജ്യത്തിന് തന്നെ അപകടമാണ്. തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്താന്‍ തൊഴിലാളി വര്‍ഗം ഐക്യപ്പെടണം. മെയ്ദിന അനുസ്മരണം പുതുക്കുന്ന ഈ ദിനത്തില്‍ തൊഴിലാളി വര്‍ഗം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *