തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി തമിഴ്‌നാട്ടില്‍ ഏതാനും വര്‍ഷങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലം. മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ അസഹിഷ്ണുത വളര്‍ത്തുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഹര്‍ജിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അനുഛേദം 25 ഉറപ്പുതരുന്നുണ്ട്. പൊതു താല്പര്യഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവുകളില്ലാത്ത ആരോപണങ്ങള്‍ നിരത്തി ഒരു പ്രത്യേക വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ആത്മഹത്യ ചെയ്ത 17 വയസ്സുകാരിയുടെ മരണം നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ ഭാഗമായ മാനസിക സമ്മര്‍ദ്ദമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഈ കേസ് നിലവില്‍ സി. ബി. ഐ അന്വേഷിക്കുകയാണെന്നും മതപരിവര്‍ത്തനത്തിനുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായത് എന്നതിന് തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മിഷണറികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയെന്നത് നിയമസഭകളുടെയോ പാര്‍ലമെന്റിന്റെയോ അവകാശമാണെന്നും നിര്‍ദ്ദേശം നല്‍കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *