തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളിലെ ഇ-പോസ് സംവിധാനത്തിലുള്ള സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. ഇതോടെ മൂന്ന് ദിവസം നീണ്ടുനിന്ന പ്രശ്‌നത്തിന് പരിഹാരമായി. ഇത്രയും ദിവസം റേഷന്‍ വിതരണം മുടങ്ങിയതിനാല്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടി. സംസ്ഥാനത്തെ റേഷന്‍ കടകളെല്ലാം ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍, മെയ് മൂന്ന് വരെ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ചെറിയ മാറ്റമുണ്ടായിരിക്കുന്നതാണ്.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ ഏപ്രില്‍ 29, മെയ് 2,3 ദിവസം വരെ രാവിലെ എട്ട് മുതല്‍ ഒരു മണിവരെയാണ് പ്രവര്‍ത്തന സമയം. അതുപോലെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം.
മെയ് നാലിനും അഞ്ചിനും റേഷന്‍ കടകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫിസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ടത്. നിലവിലെ സര്‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ പൂര്‍ത്തീകരിച്ചു. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എന്‍.ഐ.സി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തീകരിച്ചു.