വിശ്വജ്ഞാനമന്ദിരം മനസിന് ശാന്തി പകരുന്ന ഇടം: മന്ത്രി ജി.ആര്‍ അനില്‍

വിശ്വജ്ഞാനമന്ദിരം മനസിന് ശാന്തി പകരുന്ന ഇടം: മന്ത്രി ജി.ആര്‍ അനില്‍

കക്കോടി: തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ മനുഷ്യന്റെ മനസില്‍ ഉടലെടുക്കുന്ന അശാന്തിയെ അകറ്റി ശാന്തിയും സമാധാനവും കുളിര്‍മ്മയും പകരുന്ന ഇടമാണ് വിശ്വജ്ഞാനമന്ദിരമെന്നും ഇവിടേക്ക് കടന്നുവരുമ്പോള്‍ തന്നെ അത് അനുഭവവേദ്യമാകുമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. വിശ്വജ്ഞാനമന്ദിരത്തില്‍ നടന്ന ശാന്തിസംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് മാണിക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശത്തുളള ഒരു ചെറിയ ഗ്രാമത്തില്‍ ഓലമേഞ്ഞ കുടിലില്‍ നിന്നാണ് ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം. ഇന്നത് ലോകമറിയുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു. വിശ്വഗുരുവായിട്ടാണ് നവജ്യോതിശ്രീകരുണാകരഗുരുവിനെ ലോകം ഇന്നറിയുന്നത്. മതാതീതമായി മനുഷ്യനെ ഒരുമിപ്പിക്കാനുളള ഗുരുവിന്റെ ത്യാഗവും പ്രവര്‍ത്തനവും എക്കാലവും ഓര്‍മ്മിക്കപ്പെടും.

ഒരു മതത്തേയും അകറ്റി നിര്‍ത്താതെ എല്ലാ മതത്തില്‍പ്പെട്ടവരും മനുഷ്യരാണെന്നും മനുഷ്യന്റെ ഐക്യവും യോജിപ്പും സ്‌നേഹവുമാണ് പ്രധാനമെന്നും അതനനുസരിച്ചുളള ജ്ഞാനമാണ് നേടേണ്ടതെന്നും ഗുരു തന്റെ അനുയായികളെ പഠിപ്പിച്ചു. വിശ്വജ്ഞാനമന്ദിരം എന്ന സങ്കല്‍പ്പം അതിനു തെളിവാണെന്നും മന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ മേധാവി സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, കക്കോടി ഗ്രാമപഞ്ചായത്തംഗം അജിത തെരവത്ത്, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി.ശോഭീന്ദ്രന്‍, ആശ്രമം ഉപദേശകസമിതി അംഗം രാധാകൃഷ്ണന്‍.എം, ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂട്ടി മാനേജര്‍ ചന്ദ്രന്‍.എം, വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം അസിസ്റ്റന്റ് ജനറല്‍ കണവീനര്‍ പി.എം ചന്ദ്രന്‍, സീനിയര്‍ കണ്‍വീനര്‍ മുരളിചന്ദ്രന്‍ സി.ബി എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *