യു.എല്‍.സി.സിയെ സഹകരണ വിസ്മയമാക്കി മാറ്റിയത് രമേശന്‍ പാലേരിയുടെ നേതൃപാടവം: മന്ത്രി എം.ബി രാജേഷ്

യു.എല്‍.സി.സിയെ സഹകരണ വിസ്മയമാക്കി മാറ്റിയത് രമേശന്‍ പാലേരിയുടെ നേതൃപാടവം: മന്ത്രി എം.ബി രാജേഷ്

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ദേശീയ- അന്തര്‍ദേശീയതലത്തില്‍ സഹകരണ വിസ്മയമാക്കി മാറ്റിയത് ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ നേതൃപാടവവും സംഘടനാ മികവുമാണെന്ന് മന്ത്രി.എം.ബി രാജേഷ് പറഞ്ഞു. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ എം.ഭാസ്‌കരന്‍ സ്മാരക സഹകാരി പുരസ്‌കാരം രമേശന്‍ പാലേരിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തികള്‍, മലയോര മലയോര ഹൈവേ പ്രവര്‍ത്തികള്‍, സംസ്ഥാനപാതകളുടെ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ യു.എല്‍.സി.സി ഏറ്റെടുക്കുന്ന പദ്ധതികള്‍ വടക്കേ മലബാറിന്റെ മാത്രമല്ല, മലബാറിന്റെ തന്നെ മുഖച്ഛായ മാറ്റുന്നതാണ്. അതിന് പിന്നിലെ ചാലകശക്തിയാണ് രമേശന്‍ പാലേരി.

അദ്ദേഹം കേന്ദ്രബിന്ദുവായി സാരഥ്യം വഹിക്കുന്നത് കൊണ്ടാണ് യു.എല്‍.സി.സി മെച്ചപ്പെട്ട് മുന്നേറുന്നത്. താന്‍ സ്പീക്കറായിരുന്ന ഘട്ടത്തില്‍ പ്രഥമ സ്പീക്കറായിരുന്ന ശങ്കരനാരായണ്‍ തമ്പിയുടെ നാമധേയത്തില്‍ നിര്‍മിച്ച മെമ്പേഴ്‌സ് ലോഞ്ച് വളരെ മികച്ച നിര്‍മിതിയായിരുന്നു. ഇന്ത്യയിലെ വനിതകളായ നിയമസഭാ സാമാജികരുടെ കോണ്‍ഫറന്‍സ് ഈ ഹാളിലാണ് നടന്നത്. അന്ന് വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ ഈ ഹാളിന്റെ നിര്‍മാണത്തെ പ്രശംസിച്ചിരുന്നു. പലര്‍ക്കും എത്താന്‍ സാധിക്കാത്തിടത്ത് ചിലര്‍ എത്തുമ്പോള്‍ ചിലര്‍ക്ക് കുശുമ്പ് തോന്നും. അതും യു.എല്‍.സി.സിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കുശുമ്പ് പിന്നീട് കടുത്ത അസൂയയായും ഒരു പരിധി കഴിഞ്ഞാല്‍ പകയായും പിന്നീട് ശത്രുതയായുംമാറും. പിന്നീട് അപഖ്യാതി പരത്താന്‍ നോക്കും. യു.എല്‍.സി.സിക്കെതിരേ അത്തരം ആക്രമണങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ പുറത്ത് ആക്ഷേപം പറയുന്നവര്‍, അവരുമായ്‌ ബന്ധപ്പെട്ട  പ്രോജക്ട് വരുമ്പോള്‍ അത് യു.എല്‍.സി.സിക്ക് നല്‍കണമെന്ന് കത്ത് കൊടുക്കും. അതിന് കാരണം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റുന്ന ഒരു സ്ഥാപനമായി യു.എല്‍.സി.സി വളര്‍ന്നതുകൊണ്ടാണ്‌. ലോകനിലവാരത്തിലുള്ള മികവ് നിലനിര്‍ത്തി കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍
യു.എല്‍.സി.സിക്കാവട്ടേയെന്നദ്ദേഹം ആശംസിച്ചു.

ടൗണ്‍ ബാങ്കിന്റെ സൗരജ്യോതി വായ്പാ വിതരണോദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള ഗോള്‍ഡ് കോയിനും പ്രോത്സാഹന സമ്മാനദാനവും കോഴിക്കോട് സര്‍ക്കിള്‍ കോ.ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ടി.പി ശ്രീധരന്‍ നിര്‍വഹിച്ചു. ടൗണ്‍ ബേങ്ക് ചെയര്‍മാന്‍ ടി.വി നിര്‍മ്മലന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, പ്രൈമറി കോ.ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി. പ്രശാന്ത് കുമാര്‍, കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടറി എം.കെ.ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൗണ്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, സ്വാഗതവും ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിജു. എ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അരങ്ങ് കൊയിലാണ്ടിയുടെ നാടന്‍ പാട്ട് അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *