ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് തന്റെ ഭാഗം വിശദീകരിച്ച് ബ്രിജ് ഭൂഷണ്.
‘രാജി എന്നത് വലിയ കാര്യമല്ല. പക്ഷേ ഞാന്‍ ഒരു കുറ്റവാളിയല്ല. ഞാന്‍ രാജി വെച്ചാല്‍ അവരുടെ ആരോപണങ്ങള്‍ അംഗീകരിച്ചെന്നാണ് അര്‍ഥമാക്കുന്നത്. എന്റെ കാലാവധി ഏതാണ്ട് അവസാനിച്ചു. സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. അതോടെ എന്റെ കാലാവധി അവസാനിക്കും’ . ബ്രിജ് ഭൂഷണ് പറഞ്ഞു.
എല്ലാ ദിവസവും അവര്‍ പുതിയ ആവശ്യങ്ങളുമായി വരുന്നു, എഫ്. ഐ. ആര് ആവശ്യപ്പെട്ടു, എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തു ഇപ്പോള്‍ ജയിലിലടയ്ക്കണമെന്നും എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വെക്കണമെന്നും പറയുന്നു. എം. പിയായത് മണ്ഡലത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണെന്നും വിനേഷ് ഫോഗട്ട് വഴിയല്ലെന്നും ബ്രിജ് ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
പിതാവിനെയും മകനെയും അഞ്ച് സഹോദരങ്ങളെയും തന്റെ സ്വന്തം കൈകൊണ്ട് സംസ്കരിച്ചിട്ടുണ്ടെന്നും ഇതിലും വലിയ പ്രശ്നങ്ങള്‍ നേരിട്ട താന്‍ ഇതില്‍ നിന്നെല്ലാം കുറ്റവിമുക്തനായി തിരിച്ചുവരുമെന്നും ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് പറഞ്ഞു. പാര്‍ട്ടിക്ക് തന്നെ ഇതില്‍ സഹായിക്കാനാവില്ലെന്നും താന്‍ ഇതില്‍ നിന്ന് പുറത്തു വരുമെന്നും ബ്രിജ് ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
ഗുസ്തി താരങ്ങള്‍ ഗുരുതരമായ ആരോപണം ഗുസ്തി ഫെഡറേഷന് പ്രസിഡന്റിനെതിരെ ഉന്നയിച്ചിട്ടും ഡല്‍ഹി പോലീസ് കേസെടുത്തിരുന്നില്ല. സുപ്രീം കോടതി ഇടപെട്ടതോടെയാണ് പോക്സോ അടക്കം ഒന്നിലേറെ കേസുകള്‍ ആറു തവണ ബി. ജെ. പി എം. പി കൂടിയായിരുന്ന ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്.