തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും. എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലില്‍ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയന്‍ മാരാരുടെ മേള അകമ്പടിയില്‍ വടക്കുംനാഥന്റെ അകത്ത് പ്രവേശിച്ച് തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും. മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായും ശിവകുമാറുണ്ടാകും.
അതേ സമയം, ഇന്നലെ നടന്ന സാംപിള്‍ വെടിക്കെട്ട് വിസ്മയമായി. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ ഇത്തവണയും വെടിക്കെട്ടില്‍ വ്യത്യസ്തതകള്‍ പരീക്ഷിച്ചു. ഇരു വിഭാഗങ്ങളുടേയും മത്സരം കാണാന്‍ ആകാംക്ഷയോടെ എത്തിയത് പതിനായിരക്കണക്കിന് പൂരപ്രേമികളാണ് കാത്തിരുന്നെത്തിയ പൂരവും വെടിക്കെട്ടും കേമമാകുമെന്ന് ഉറപ്പിക്കുന്ന വിളമ്പരമായി സാംപിള്‍ വെടിക്കെട്ട് മാറി.