ന്യൂഡല്‍ഹി: ലൈംഗികാരോപണവിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജന്തര്‍ മന്തറിലെ ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
ആരോപണവിധേയനായ ബ്രിജ് ഭൂഷണെ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. ഗുസ്തി താരങ്ങളുടെ വിഷയത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് യാതൊരു നടപടിയും പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രിക്ക് താരങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവരോട് സംസാരിക്കുകയോ അവരെ കാണുകയോ ചെയ്യാത്തത്. കുറ്റവാളിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗുസ്തി താരങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ എന്തുകൊണ്ടാണ് അവര്‍ പുറത്തു വിടാത്തത്. മെഡലുകള്‍ നേടുമ്പോള്‍ ഗുസ്തി താരങ്ങളെ അഭിനന്ദിച്ച് നാം ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ ഇന്ന് അവര്‍ നീതി ലഭിക്കാതെ റോഡില്‍ ഇരിക്കുകയാണ്. സര്‍ക്കാര്‍ കുറ്റവാളിയെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല പ്രിയങ്ക പറഞ്ഞു.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പ്രിയങ്ക ഡല്‍ഹി ജന്തര്‍ മന്തറിലെ വേദിയിലെത്തിയാണ് ഗുസ്തി താരങ്ങളായ സാക്ഷി മലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവരെ സന്ദര്‍ശിച്ചത്.