ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ കാവേരിയുടെ ഭാരമായി 231 പ്രവാസികളെക്കൂടി ഡല്‍ഹിയിലെത്തിച്ചു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നെത്തുന്ന പന്ത്രണ്ടാമത് സംഘമാണിത്. ഇതുവരെ 2100 പേരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. 3400 ഇന്ത്യക്കാരാണ് സുഡാനില്‍ നിന്ന് നാട്ടിലെത്താന്‍ ഇന്ത്യന്‍ മിഷനില്‍ രജിസ്റ്രര്‍ ചെയ്തത്. ഇവരെക്കൂടി നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലെത്തിയത്. സംഘര്‍ഷ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടിയാണ് സുഡാനില്‍ കഴിഞ്ഞതെന്ന് മടങ്ങിയെത്തിയവര്‍ പ്രതികരിച്ചു. ആഹാര സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നുവെന്നും ആരും വീടിനു പുറത്തേയ്ക്ക് ഇറങ്ങിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സുഡാനിലൂടെ വാഹനയാത്ര ഒട്ടും സുരക്ഷിതമല്ല. ബസുകള്‍ക്ക് നേരെ ബോംബ് ആക്രമണം നടക്കാറുണ്ടെന്നും പ്രവാസികള്‍ വ്യക്തമാക്കി.