കൊച്ചി: പെരുമ്പാവൂര്‍ പ്ലൈവുഡ് കൂമ്പാരത്തിലെ തീച്ചുളയില്‍ വീണ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ പശ്ചിമ ബംഗാള്‍ മുര്‍ശിദാബാദ് സ്വദേശിയായ നസീര്‍ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താന്‍ ശ്രമിക്കവേ അഗ്നി ഗര്‍ത്തത്തിലേക്ക് നസീര്‍ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
അഗ്നിരക്ഷാ സേനയും പോലിസും ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പോലിസിന്റെ നേതൃത്വത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച് ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്.
രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്. ഓടക്കാലി യൂണിവേഴ്സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന നസീര്‍, ഇന്നലെ രാവിലെ 6.30നാണ് കുഴിയില്‍ വീണത്. ഇവിടെ 15 അടിക്ക് മേല്‍ പൊക്കത്തിലാണ് പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പില്‍ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീര്‍ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങള്‍ വര്‍ഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീര്‍ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാന്‍ ശ്രമിച്ചു. അടിഭാഗത്ത് തീ കത്തിയുണ്ടായ ഗര്‍ത്തത്തിലേക്ക് നസീര്‍ പതിച്ചെന്നാണ് കരുതുന്നത്.
അതേസമയം, പ്ലൈവുഡ് ഫാക്ടറിയില്‍ നിയമ വിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പഞ്ചായത്ത് ആരോപിച്ചു. മാലിന്യം നീക്കാന്‍ രണ്ട് മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നെന്നും മാലിന്യം നീക്കാതെ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് വ്യക്തമാക്കി. അതേസമയം മാലിന്യം കൊണ്ടിടാന്‍ പഞ്ചായത്ത് സ്ഥലം കണ്ടെത്തി തരണമെന്നാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ഉടമകളുടെ അവശ്യം.