കോഴിക്കോട്: ലോക പുസ്തക ദിനാഘോഷത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാല ഹൈസ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ കൈമാറുന്ന പദ്ധതിയുടെ ഉദ്ഘാടനം കവി പി.കെ ഗോപി നിര്‍വഹിച്ചു. ദേവഗിരി സേവിയോ ഹൈസ്‌കൂളില്‍ ദര്‍ശനം വനിത വേദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത എഴുത്തുകാര്‍ കൈയ്യൊപ്പ് ചാര്‍ത്തിയ ഗ്രന്ഥങ്ങള്‍ കൈമാറി. ഹൈസ്‌കൂള്‍ വായന മത്സരത്തിന് തെരഞ്ഞടുത്ത ടി.പത്മനാഭന്റെ ‘സഖാവ് ‘ (മാതൃഭൂമി ബുക്‌സ് ), കെ.പി രാമനുണ്ണിയുടെ ‘ഫോസ് കോ’, ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ ബീഗം’, (രണ്ടും ഡിസി ബുക്‌സ് ), അര്‍ഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക പച്ച (മാതൃഭൂമി), ബിമല്‍ മിത്രയുടെ ചരിത്രത്തില്‍ ഇല്ലാത്തവര്‍ ( ചിന്ത പബ്ലിഷേഴ്‌സ് ), എസ്.ഹനീഫാ റാവുത്തരുടെ ‘ശാസ്ത്രജ്ഞര്‍ കണ്ടുപിടുത്തങ്ങള്‍’ (പ്രഭാത്), ശ്രീപ്രസാദ് വടക്കേപാട്ടിന്റെ ‘ഓല പുരയിലെ ഋതു ഭേദങ്ങള്‍’, എം.ബി മിനിയുടെ ‘വവ്വാല്‍ വര്‍ഷം’ , സൈക്കിള്‍ (ജി.വി ബുക്ക്‌സ്, തലശ്ശേരി ) തുടങ്ങിയ ഗ്രന്ഥങ്ങള്‍ സേവിയോ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ സാജു ജോസഫ് ഏറ്റുവാങ്ങി. ദര്‍ശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.പി ആയിഷബി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ ശാലിനി, ദര്‍ശനം വനിത വേദി പ്രവര്‍ത്തകരായ എം.എന്‍ രാജേശ്വരി , എം.വി മേരിക്കുട്ടി, ശശികല മഠത്തില്‍, എം.റീന എന്നിവര്‍ നേതൃത്വം നല്‍കി. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ ജോണ്‍സണ്‍ സ്വാഗതവും കമ്മിറ്റി അംഗം വി.കെ സോമന്‍ നന്ദിയും പറഞ്ഞു.