വന്ദേ ഭാരത് എക്‌സപ്രസ് വീണ്ടും പശുവിനെ ഇടിച്ചു

വന്ദേ ഭാരത് എക്‌സപ്രസ് വീണ്ടും പശുവിനെ ഇടിച്ചു

ഭോപ്പാല്‍: വന്ദേഭാരത് എക്‌സ്പ്രസ് പശുവിനെ ഇടിക്കുന്നത് തുടര്‍ക്കഥയാവുന്നു. ഡല്‍ഹി ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസാണ് ഗ്വാളിയോറില്‍ വെച്ച് പശുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.15നാണ് അപകടമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കേടുപാടുകള്‍ തീര്‍ത്ത ശേഷം ട്രെയിന്‍ സര്‍വീസ് തുടര്‍ന്നു. ഗ്വാളിയോറിലെ ദാബ്രയില്‍ വെച്ചാണ് അപകടം. പശു ട്രാക്കിലേക്ക് പെട്ടെന്ന് കയറുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

15 മിനിറ്റോളം നിര്‍ത്തിയിട്ടതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതേ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിലും ഹരിയാനയിലെ ഹോദലില്‍ വെച്ച് പശുവിനെ ഇടിച്ചിരുന്നു. ഹസ്രത് നിസാമുദ്ദീന്‍-റാണി കമലാപതി വന്ദേഭാരത് എക്‌സ്പ്രസ് 7.50 മണിക്കൂറെടുത്താണ് 709 കിലോമീറ്റര്‍ ഓടിയെത്തുന്നത്. നേരത്തെ മുംബൈ-അഹമ്മദാബാദ് വന്ദേഭാരത് പശുവിനെ ഇടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈ സെന്‍ട്രലില്‍ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട സെമി ഹൈ സ്പീഡ് ട്രെയിനാണ് ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ അതുലില്‍ വച്ച് കാലിയെ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസ് 15 മിനിറ്റോളം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 8.17ഓടെയായിരുന്നു സംഭവം. ഈ മാസം തന്നെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്.

അതുല്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ട്രാക്കിലേക്ക് കയറിയ കാളയെയാണ് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇത്തരം അപകടങ്ങളില്‍ ട്രെയിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആഘാതമുണ്ടാവാതിരിക്കാനായുള്ള പ്രത്യേക രൂപ കല്‍പനയാണ് വന്ദേഭാരത് ട്രെയിനിനുള്ളത്. അതിനാല്‍ തന്നെ ഇത് വളരെ വേഗം തന്നെ മാറ്റി വയ്ക്കാനാവുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *