ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിനെ സി. ബി. ഐ ചോദ്യം ചെയ്യുന്നു. സോം വിഹാറിലെ സത്യപാല്‍ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ സംഘമെത്തിയത്. കേസിലെ സാക്ഷിയെന്ന നിലയ്ക്ക് ഹാജരാകാന്‍ മാലിക്കിനോട് സി. ബി. ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക്ക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സി. ബി. ഐ കേസെടുത്തത്.
ആര്‍. എസ്. എസ് ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകള്‍ക്ക് അനുമതി നല്‍കിയാല്‍ 300 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കരാറുകള്‍ താന്‍ റദ്ദാക്കുകയായിരുന്നുവെന്നാണ് സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തിയത്.
”കശ്മീരിലുള്ളപ്പോള്‍ രണ്ട് ഫയലുകള്‍ അനുമതി തേടി മേശപ്പുറത്ത് വന്നിരുന്നു. ഒന്ന് അംബാനിയുമായി ബന്ധമുള്ളതും മറ്റൊന്ന് ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയുടേതും ആയിരുന്നു. രണ്ടു കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു. ഫയലുകള്‍ക്ക് അനുമതി നല്‍കിയാല്‍ 150 കോടി രൂപ വച്ച് പ്രതിഫലം ലഭിക്കുമെന്നും സെക്രട്ടറിമാര്‍ അറിയിച്ചു. എന്നാല്‍ അഞ്ച് കുര്‍ത്തയും പൈജാമയുമാണ് താന്‍ കശ്മീരിലേക്ക് വരുമ്പോള്‍ കൊണ്ടുവന്നതെന്നും പോകുമ്പോഴും അതു മാത്രമേ കയ്യില്‍ കാണൂവെന്നുമായിരുന്നു അവരോട് തന്റെ മറുപടിയെന്നായിരുന്നു സത്യപാല്‍ മല്ലിക്കിന്റെ വെളിപ്പെടുത്തല്‍.
ജമ്മു കശ്മീര്‍ എംപ്ലോയീസ് ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് സ്‌കീമിന്റെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സി. ബി. ഐ അന്വേഷിക്കുന്നത്. ഇതില്‍ ഒന്നില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ പ്രതി ചേര്‍ത്തിട്ടുണ്ട്.