മരങ്ങള്‍ക്കുമുണ്ട് ജീവനുള്ളവയുടെ അവകാശം, വെട്ടിമാറ്റരുത് : കോര്‍പ്പറേഷന് നോട്ടീസയച്ച് മധ്യപ്രദേശ് ഹൈക്കോടതി

മരങ്ങള്‍ക്കുമുണ്ട് ജീവനുള്ളവയുടെ അവകാശം, വെട്ടിമാറ്റരുത് : കോര്‍പ്പറേഷന് നോട്ടീസയച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍:  മരങ്ങളെ ജീവനില്ലാത്ത വസ്തുക്കളായി കാണുന്ന അധികൃതരുടെ നടപടിക്കെതിരേ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ കോര്‍പ്പറേഷന് നോട്ടീസയച്ച് മധ്യപ്രദേശ് ഹൈക്കോടതി. മരങ്ങളെ ജീവനുള്ള വസ്തുക്കളായി അംഗീകരിക്കണമെന്നും ജീവനുള്ളവ വസ്തുക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളും മരങ്ങള്‍ക്ക് നല്‍കണമെന്നും വെട്ടരുതെന്നുമുള്ള പൊതുതാല്പര്യഹര്‍ജിയിലാണ് ഇന്ദോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും വികസന അതോറിറ്റിക്കും മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

ഇന്ദോറിലെ ഖജ്‌റാന സ്‌ക്വയറില്‍ മേല്‍പ്പാലം നിര്‍മിക്കാനായി വികസന അതോറിറ്റി 257 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ചൂണ്ടിക്കാട്ടി ഇന്ദോര്‍ സ്വദേശിയായ അമന്‍ ശര്‍മ എന്നയാളാണ് ഹര്‍ജി നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം പുതിയ മരങ്ങള്‍ നടാമെന്നാണ് വികസന അാതോറിറ്റി പറയുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മരങ്ങളെ ജീവനില്ലാത്ത വസ്തുക്കളായാണ് അധികൃതര്‍ കാണുന്നതെന്നാണ് ഈ നിലപാടില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മരങ്ങള്‍ ജീവനുള്ള വസ്തുക്കളുടെ കൂട്ടത്തിലാണ് പെടുന്നതെന്നും അവയ്ക്ക് വളരാനും പ്രതികരിക്കാനും ഉത്പാദനം നടത്താനും ഉറങ്ങാനും ആവേശം കൊള്ളാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ശേഷിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്ദോര്‍ കോര്‍പ്പറേഷന്‍ ട്രീ ആംബുലന്‍സ് ഏര്‍പ്പെടുത്തിയത് മരങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളെ തടയാനാണെന്നും മരങ്ങള്‍ക്ക് ജീവനുള്ളത്‌കൊണ്ടാണ് ജീവനുള്ളവയെ സംരക്ഷിക്കുന്ന ആംബുലന്‍സുകള്‍ മരങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇന്ദോറിലെ മരംവെട്ടല്‍ തടയാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നയങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്. എ. ധര്‍മാധികാരി, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഇന്ദോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും വികസന അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *