വടകര: ഇത് പരസ്പരം മത്സരിക്കുന്ന എഴുത്തുകാരുടെ കാലമാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. മുന്‍പ് വളരെ കുറച്ച് എഴുത്തുകാരെ ഉണ്ടായിരുന്നുള്ളൂ. പഴയകാലസൗഹൃദം ഇന്നില്ല. കവിയും സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായിരുന്ന വി.പി.കെ. കുറുന്തോടിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ വെളളിപ്പൂക്കള്‍ പുരസ്‌കാരം കഥാകൃത്ത് വി.ആര്‍. സുധീഷിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഷീര്‍, തകഴി, പൊറ്റക്കാട്, കേശദേവ്, എം.ടി എന്നിവര്‍ തമ്മില്‍ വലിയ സഹൃദം കൊണ്ടുനടന്നിരുന്നു. ഒരാള്‍ നല്ല കഥയെഴുതിയാല്‍,നോവലെഴുതിയാല്‍ മറ്റെയാള്‍ സന്തോഷിച്ചിരുന്നു, പ്രോത്സാഹിപ്പിക്കുമായിരുന്നു. അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. ഇതിനു കാരണം,സാഹിത്യം വളരെയധികം വാണിജ്യവല്‍ക്കരിക്കപ്പെട്ടതാണ്. പഴയകാലം ഇതല്ല. ആത്മാവില്‍ നിന്നുവരുന്ന ഒന്നാണ് സാഹിത്യം. ഇന്നതല്ല. വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. അന്ന്, വൈദ്യൂതിയില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് വായന. എല്ലാറ്റിനും ക്ഷാമമുള്ള കാലമായിരുന്നു അത്. ഇവിടെ, ഈ പുരസ്‌കാരം ഏറ്റുവാങ്ങിയ വി.ആര്‍. സുധീഷ് മികച്ച കഥാകാരനാണ്. വംശാനന്തര തലമുറ പോലുള്ള മികച്ച കഥകള്‍ എഴുതി. മെല്ലെപ്പോകുന്ന എഴുത്തുകാരനാണ് സുധീഷെന്ന് തോന്നാറുണ്ട്. എന്നാല്‍, മെല്ലെപ്പോക്കിന് ദോഷവും ഗുണവുമുണ്ട്. സുധീഷിന് ഇത്തിരി വേഗം കൂട്ടണമെന്നനിക്ക് തോന്നാറുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.
രാജേന്ദ്രന്‍ എടത്തുംകര അധ്യക്ഷതവഹിച്ചു. ടി. രാജന്‍, അഡ്വ. ഇ.എ. ബാലകൃഷ്ണന്‍, കെ.കെ. പ്രദീപന്‍, കൊളായി രാമചന്ദ്രന്‍, റീനീഷ് പേരാമ്പ്ര, ഐ.പി. പത്മനാഭന്‍, എന്‍.കെ. രവീന്ദ്രന്‍, അനൂപ് അനന്തന്‍, എന്നിവര്‍ സംസാരിച്ചു. പ്രമോദ് കുറ്റിയില്‍ നന്ദി പറഞ്ഞു. ചടങ്ങിനോടെനുബന്ധിച്ച് പ്രമോദ് കുറ്റിയിലിന്റെ ലൈഫ് സ്‌കെച്ച എന്ന കവിത സമാഹാരത്തിന്റെ പ്രകാശനവും വി.പി.കെ. കുറുന്തോടി അനുസ്മരണ സമ്മേളനവുംനടന്നു.