കോഴിക്കോട്: രാജ്യത്ത് മുഴുവന്‍ പൊതുഗതാഗത മാര്‍ഗങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ക്യാമറ (എ.ഐ) സ്ഥാപിക്കണമെന്ന് നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കോര്‍ കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ പല പൊതുഗതാഗത സംവിധാനത്തിലും ആളുകളെ ചൂഷണം ചെയ്യുന്ന സ്ഥിതിയാണ്. യാത്ര ചെയ്യുമ്പോഴുള്ള അച്ചടക്കം നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്ന് കോര്‍ കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ക്യാമറ സ്ഥാപിക്കുന്നത് പോലെ തന്നെ അതിന്റെ പ്രവര്‍ത്തനവും നിരീക്ഷണവും തുടര്‍ച്ചയായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബാ അലക്സാണ്ടര്‍ പറഞ്ഞു. ഇങ്ങനെയൊരു ക്യാമറ പൊതുഗതാഗതത്തില്‍ സ്ഥാപിക്കുന്നത് അപകടങ്ങളും അക്രമണങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റീജ്യണല്‍ അഡ്മിനിട്രേറ്റീവ് ഓഫിസര്‍ മുഹമ്മദ് റിസ്‌വാന്‍, ചീഫ് പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സുധാ മേനോന്‍, റീജ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.