തൃശൂര്‍: തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍ 48 മണിക്കൂര്‍ മദ്യനിരോധനം. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള 48 മണിക്കൂര്‍ സമയത്തേക്കാണ് നിരോധനം. ഈ സമയത്ത് കോര്‍പറേഷന്‍ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്‍പനയും നിരോധിച്ചുകൊണ്ടും ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിട്ടു.
കൊടുംചൂടിനിടെ പൂരമെത്തുമ്പോള്‍ ഏതു സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് 500 അംഗ സംഘത്തെ ഡ്യൂട്ടിക്കു നിയോഗിച്ചു. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടക്കമാണു ചുമതലയിലുള്ളത്. ജനറല്‍ ആശുപത്രിയില്‍ 125 പേര്‍ ഉള്‍പ്പെടുന്ന മൂന്ന് മെഡിക്കല്‍ സംഘങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പൂരദിനങ്ങളില്‍ ജോലി ചെയ്യും. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. 70 കിടക്കകള്‍ കൂടുതലായി ഉള്‍പ്പെടുത്തി. സ്വരാജ് റൗണ്ടിലും പരിസരത്തുമായി അഞ്ച് കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സേവനവുമായി മെഡിക്കല്‍ സംഘങ്ങളുണ്ടാകും.