ചെന്നൈ: കര്‍ണാടകയിലെ ശിവമോഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് ഔദ്യോഗിക ഗാനത്തെ അപമാനിച്ച ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ മാപ്പുപറയണമെന്ന് ഡി. എം. കെ നേതാവ് കനിമൊഴി. തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ തമിഴ് തായ് വാഴ്ത്തിനെ അപഹസിക്കുന്നതില്‍ നിന്ന് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ തടയാന്‍ കഴിയാത്ത ഒരാള്‍ക്ക് തമിഴ്‌നാട്ടിലെ ജനങ്ങളെ ശ്രദ്ധിക്കാന്‍ എങ്ങനെ കഴിയുമെന്ന് കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയിലെ ശിവമോഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തമിഴ് ഔദ്യോഗിക ഗാനം ആലപിക്കുന്നതിനിടെ ബി. ജെ. പി നേതാവ് കെ. എസ്. ഈശ്വരപ്പ ഇടപെട്ട് ഗാനം പാതിവഴിയില്‍ നിര്‍ത്തിവെപ്പിക്കുന്നതും കര്‍ണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ പരിപാടിയില്‍ തമിഴ്‌നാടിന്റെ ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും പങ്കെടുത്തിരുന്നു.