ഗുസ്തിതാരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം:  പി. ടി ഉഷക്കെതിരെ ശശി തരൂരടക്കമുള്ള പ്രമുഖര്‍ രംഗത്ത്

ഗുസ്തിതാരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം:  പി. ടി ഉഷക്കെതിരെ ശശി തരൂരടക്കമുള്ള പ്രമുഖര്‍ രംഗത്ത്

ന്യൂഡല്‍ഹി :ഗുസ്തിതാരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്ന പി. ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്ത്. ആവര്‍ത്തിച്ചുള്ള ലൈംഗിക പീഡനത്തിനെതിരായ നിങ്ങളുടെ സഹകായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ല. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് ‘രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ’ കളങ്കപ്പെടുത്തുന്നില്ല. അവരുടെ ആശങ്കകള്‍ അവഗണിക്കുന്നതും അവരെ കേള്‍ക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടി സ്വീകരിക്കുന്നതിനുപകരം അവരെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി.ടി.ഉഷ മാപ്പു പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. ഉഷയുടെ അഭിപ്രായം നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ്.രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതാണ്. രാജ്യത്തിന് അപമാനമാണിത്. ഉഷയുടെ പരാമര്‍ശത്തില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. അതിജീവിതകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഉഷ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. നേരത്തേ ഒളിംപ്യന്‍ നീരജ് ചോപ്രയും സി.പി. എം നേതാവ് പി. കെ ശ്രീമതിയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളും പി. ടി ഉഷക്കെതിരെ രംഗത്തു വന്നിരുന്നു. പി. ടി ഉഷ ഒരു സ്ത്രീയും അമ്മയുമാണ്. പെണ്‍കുട്ടികള്‍ പരാതി പറയുമ്പോള്‍ ആരോപണവിധേയന്റെ സംരക്ഷകയായി മാറരുതെന്ന് പി. കെ. ശ്രീമതി ഓര്‍മിപ്പിച്ചു. കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടമാകുന്നത് ഇങ്ങനെയാണെന്നായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നുവെന്നും ഇത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നുമായിരുന്നു അവരുടെ ഇന്നലെത്തെ വിമര്‍ശനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *