ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനകിന്റെ പെട്ടെന്നുള്ള അധികാരാരോഹണം സാധ്യമാക്കിയത് തന്റെ മകളാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതില്‍ മകള്‍ അക്ഷത മൂര്‍ത്തിക്ക് വലിയ പങ്കുണ്ടെന്നും ഭാര്യയുടെ മഹത്വമാണ് ഇതിനു കാരണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവര്‍ വെളിപ്പെടുത്തുന്നു.
ഞാന്‍ എന്റെ ഭര്‍ത്താവിനെ ഒരു ബിസിനസുകാരനാക്കി. എന്നാല്‍, എന്റെ മകള്‍ അവരുടെ ഭര്‍ത്താവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് ഇതിനു കാരണം. എങ്ങനെ ഒരു ഭാര്യയ്ക്ക് അവരുടെ ഭര്‍ത്താവിനെ മാറ്റിയെടുക്കാം എന്ന് ഇതിലൂടെ കാണാനാവും. എന്നാല്‍, എനിക്കെന്റെ ഭര്‍ത്താവിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കാനേ കഴിഞ്ഞുള്ളൂവെന്നു അവര്‍ പറയുന്നു.
സുനകിന്റെ ഡയറ്റില്‍ ഉള്‍പ്പെടെ അക്ഷതയ്ക്ക് പ്രധാന പങ്കുണ്ട. എല്ലാ വ്യാഴാഴ്ചയും വ്രതമെടുക്കുന്ന പാരമ്പര്യമുള്ള ഞങ്ങള്‍ ഇന്‍ഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്. സുനക് അക്ഷതയെ വിവാഹം കഴിക്കുന്നതും വ്യാഴാഴ്ചയാണ്. എന്തുകൊണ്ട് എല്ലാം വ്യാഴാഴ്ചകളില്‍ ആരംഭിക്കുന്നുവെന്ന് സുനക് വിവാഹശേഷം ചോദിച്ചു. ഞങ്ങള്‍ രാഘവേന്ദ്ര സ്വാമിയുടെ അടുത്ത് പോകാറുണ്ട്. അദ്ദേഹം എല്ലാ വ്യാഴാഴ്ചകളിലും വ്രതമെടുക്കാറുണ്ട് എന്നും സുനകിനോട് പറഞ്ഞു. അതിനു ശേഷം ഇപ്പോള്‍ വ്യാഴാഴ്ചകളില്‍ സുനക് വ്രതമെടുക്കുന്നുണ്ടെന്ന് സുധാമൂര്‍ത്തി വെളിപ്പെടുത്തി.