അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു; ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും: എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു; ഇന്ന് തന്നെ ലക്ഷ്യത്തിലെത്തും: എ.കെ ശശീന്ദ്രന്‍

  • നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഇന്ന് തന്നെ നടപ്പാക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. പ്രദേശത്തെ ആള്‍ക്കൂട്ടം വെല്ലുവിളിയാകും, എന്നാല്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ സാധിക്കുമെന്നാണ് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. അതേ സമയം അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരമാണ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. വനം വകുപ്പ് സി.സി.എഫ്.ആര്‍.എസ് അരുണിന്റെയും മൂന്നാര്‍ ഡി.എഫ്.ഒ രമേശ് ബിഷ്‌നോയിയുടെയും നേതൃത്വത്തിലാണ് ദൗത്യം. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.

അരിക്കൊമ്പനെ എവിടേക്ക് കൊണ്ടു പോകും എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് വനം വകുപ്പ് അധികൃതരുടെ നിലപാട്. പെരിയാര്‍ ടൈഗര്‍ റിസര്‍വും അഗസ്ത്യാര്‍കൂടവും വനം വകുപ്പ് പരിഗണിക്കുന്നതായാണ് സൂചന. കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേര് പരസ്യപ്പെടുത്തിയാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഈ വിവരങ്ങള്‍ പുറത്തുവിടാത്തത്. അരിക്കൊമ്പനെ കൊണ്ടുപോകുന്ന വഴികളുടെ നിയന്ത്രണം പൂര്‍ണമായും പോലിസ് ഏറ്റെടുക്കും.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാന കഴിഞ്ഞ ജനുവരി മാസം മാത്രം മൂന്ന് കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *