കോഴിക്കോട്: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കിയ ശേഷവും അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തടഞ്ഞുകൊണ്ടിരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടപടികളുടെ സാഹചര്യത്തില്‍ മഅ്ദനിയെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ.
സുപ്രീംകോടതിയുടെ ജാമ്യ ഇളവുകള്‍ ‘സുരക്ഷ’യുടെ പേരു പറഞ്ഞ് 50 ലക്ഷം കെട്ടിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും നിയമ സംഹിയതയോടുള്ള തുറന്നെതിര്‍പ്പുമാണ്. ഭരണകൂടത്തിന്റെ അതിക്രൂരവും മനുഷ്യത്വവിരുദ്ധവുമായ പതിറ്റാണ്ടുകള്‍ നീണ്ട ഹിംസകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഈ വാര്‍ധക്യത്തിലും സുപ്രീംകോടതി വിധിയെ പോലും വകവയ്ക്കാതെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധ്യമല്ല.
കര്‍ണാടക സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധ നടപടിയില്‍ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാന്‍ തങ്ങള്‍ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഈ നടപടി ഒരു പൗരനോട് സര്‍ക്കാര്‍ ചെയ്യുന്ന തുറന്ന അനീതിയും ഹിംസയുമാണ് എന്നിരിക്കെ കേരള സര്‍ക്കാര്‍ മഅ്ദനിയെ നാട്ടിലെത്തിക്കാന്‍ ഉടനടി ഇടപെടണമെന്ന് എസ്.ഐ.ഒ ആവശ്യപെടുകയാണ്. അത് നിയമസംഹിതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍ അനിവാര്യമായും ചെയ്യേണ്ടുന്ന കടമയുമാണെന്നും അത് മനസ്സിലാക്കി കേരള സര്‍ക്കാര്‍ ഇടപെടണമെന്നും എസ്.ഐ.ഒ ആവശ്യപ്പെടുന്നു.